മാറനല്ലൂരിൽ മേഖലയിൽ വീണ്ടും മോഷണം
1587135
Wednesday, August 27, 2025 8:10 AM IST
മാറനല്ലൂർ: ഒരാഴ്ചയ്ക്കിടെ പത്തിടത്ത് മോഷണവും മോഷണശ്രമങ്ങളും നടത്തിയ പ്രതികളെ പിടികൂടാൻ പോലീസ് പരക്കം പായുമ്പോൾ ഇന്നലെ രാത്രി വീണ്ടും മോഷണം.
കണ്ടല ഹൈസ്കൂളിനു മുൻവശത്തായി പ്രവർത്തിക്കുന്ന മൊബൈൽ കട കുത്തിത്തുറന്നു മോഷണം നടത്തിയതാണ് ഏറ്റവും ഒടുവിൽ സംഭവിച്ചത്. ഓണത്തോടനുബന്ധിച്ചു കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൊബൈൽ അക്സസറീസും, പെർഫ്യൂമും സർവീസിനായി നൽകിയിരുന്ന മൊബൈലും നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. മോഷണം പതിവായതിനെത്തുടർന്ന് പോലീസ് നായയും കടയിൽ പരിശോധന നടത്തി.
ഇക്കഴിഞ്ഞ 12-നാണ് അഞ്ചിടങ്ങളിൽ ഒരിടവേളയ്ക്കുശേഷം മോഷണം നടന്നത്. പ്രതികളുടെ നിരീക്ഷണ കാമറാദൃശ്യം പകർത്തിയ പോലീസ് പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം തിരുവനന്തപുരം റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്നു പോലീസ് മോഷ്ടാക്കളെ പിടികൂടുന്നതിനുവേണ്ടി നഗരത്തിലെ പല സ്ഥലത്തുനിന്നും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരവേ ഇക്കഴിഞ്ഞ 21-ന് വീണ്ടും മാറനല്ലൂർ കൂവളശ്ശേരിയിലെ ആളില്ലാത്ത മൂന്നുവീടുകളിൽ മോഷണംനടന്നു. ഒരു വീട്ടിൽനിന്നുമാത്രം വാച്ചും, ചാക്കിൽക്കെട്ടി സൂക്ഷിച്ചിരുന്ന പാത്രങ്ങളും നഷ്ടപ്പെട്ടു. മറ്റു രണ്ട് വീടുകളിൽ മോഷ്ടാവ് അകത്തുകയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സ്ഥിരമായി മോഷണം നടക്കുന്നതിനെത്തുടർന്ന് പോലീസ് അന്വേഷണവും, റോന്തുചുറ്റുന്നതും ശക്തമാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭ്യമായതായും, ഒരാൾ പിടിയിലായതായും സൂചനയുണ്ട്. എന്നാൽ, അംഗബലം കുറവായ സാഹചര്യത്തിൽ മാറനല്ലൂർ പോലീസ് എവിടെയൊക്കെ എപ്പോൾ കാണുമെന്ന് മോഷ്ടാക്കൾക്ക് തിരിച്ചറിയാൻ കഴിയുന്നതാണ് സ്ഥിരമായി മോഷണം നടക്കുന്നത്.