തട്ടിക്കൊണ്ടുവന്നു കെട്ടിയിട്ട രണ്ടുപേരെ രക്ഷപ്പെടുത്തി
1587403
Thursday, August 28, 2025 7:10 AM IST
സംഭവം നടന്നത് പാറശാല മര്യാപുരത്ത്
പാറശാല: കൃഷ്ണഗിരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് ഉദിയന്‍കുളങ്ങര മര്യാപുരത്തു കെട്ടിയിട്ടിരുന്ന രണ്ടുപേരെ പാറശാല പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാലുപേര്‍ പോ ലീസിന്റെ പിടിയില്‍. സംഭവത്തിനു പിന്നില്‍ ബ്ലാക്ക്മെയിലിംഗും ക്വട്ടേഷനും. ക്വട്ടേഷന്‍ നടത്തിയതു കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞ്.
ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ കൊച്ചോട്ടുകണം കരിന്വിളയിലെ ആള് താമസ മില്ലാത്ത വീട്ടിലായിരുന്നു രണ്ടുപേരെ കെട്ടിയിട്ടിരുന്നത്. പുറത്തുനിന്നു പൂട്ടിയിരിക്കുന്ന വീടിന്റെ അകത്തു ഫാന്‍ കറങ്ങിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ അന്വേഷണം നടത്തുകയുമായിരുന്നു.
ഏറേ നേരത്തെ ശ്രമത്തിനുശേഷം വാതിൽ തുറന്ന് അകത്തു കടന്നപ്പോഴാണു കേരള-കർണാടക അതിർത്തി പ്രദേശമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫിര്‍ എന്നിവരെ ചങ്ങലയ്ക്കു കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിര്‍ദേശപ്രകാരം കൃഷ്ണഗിരിയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് യൂസഫും ജാബീറും എത്തിയപ്പോൾ കേരള പോലീസിന്റെ വേഷം ധരിച്ച സംഘം ഇന്നോവ വാഹനത്തിലെത്തി ഇരുവരേടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും എസ്പിയുടെ മുമ്പില്‍ ഹാജരാക്കുന്നതിനു കൊണ്ടുപോകുയാണെന്നു പറഞ്ഞ് വിലങ്ങ് അണിയിക്കുകയായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.
തുടർന്ന് വാഹനത്തിൽ കയറ്റിയശേഷം യാത്രയില്‍ ഉടനീളം ക്രൂരമായി മര്‍ദിച്ചുവെന്നും ഇരുവരും വ്യക്തമാക്കി. അന്‍പതു ലക്ഷം രൂപ നല്കിയാല് മാത്രമേ മോചിപ്പിക്കൂ എന്നു പറഞ്ഞായിരുന്നു ഉദിയന്‍കുളങ്ങരയിലെ വീട്ടില്‍ പൂട്ടിയിട്ടത്. നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണിതിരുകി കയറ്റിയും മര്‍ദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര പുല്ലൂര്‍ക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്, നെയ്യാറ്റിന്‍കര കൃഷ്ണ തൃപ്പാദത്തില്‍ അഭിറാം, കമുകിന്‍കോട് ചീനിവിള പുത്തന്‍കരയില്‍ വിഷ്ണു എസ്. ഗോപന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ യൂബര്‍ ടാക്സി ജീവനക്കാരനാണ് സാമുവല്‍ തോമസ്.
ഇയാളുടെ മാതൃസഹോദരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കൃഷ്ണഗിരി സ്വദേശികളെ കെട്ടിയിട്ടത്. കൃഷ്ണഗിരി സ്വദേശികളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, കേരള പോലീസിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍, തോക്ക്, തിര, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
സാമുവല്‍ തോമസിന്റെ വീട്ടിലെ കൊമ്പൗണ്ടില്നിന്നും തട്ടിക്കൊണ്ടു വരാന്‍ ഉപയോഗിച്ച ഇന്നോവ കാറും ഇരുചക്ര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മള്‍ട്ടി ജിമ്മിലെ ട്രെയിനിയാണ് ബിനോയ് അഗസ്റ്റിന്. മര്‍ച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം.
സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പ്രധാന പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്കാന് കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.