ജയില്‍ കഫറ്റേറിയയിലെ മോഷണം; പോത്തന്‍കോട് സ്വദേശി പിടിയില്‍
1587139
Wednesday, August 27, 2025 8:10 AM IST
പേരൂര്‍ക്കട: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ വകയായുള്ള ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റേറിയയിലെ മോഷണവുമായി ബന്ധപ്പെട്ട് പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി (26) പിടിയിലായി.
ഓഗസ്റ്റ് 18-നു രാത്രിയായിരുന്നു മോഷണം. പൂജപ്പുര-ചാടിയറ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കഫറ്റേറിയയുടെ ചില്ലുകൂട് തകര്‍ത്ത് താക്കോല്‍ കൈക്കലാക്കിയശേഷം ഓഫീസ് റൂം തുറന്നു ട്രഷറിയില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന നാലേകാല്‍ ലക്ഷം രൂപ കവർച്ച നടത്തുകയായിരുന്നു. പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച തുക ഉപയോഗിച്ച് ഐ ഫോണും മറ്റുള്ള സാധനസാമഗ്രികളും വാങ്ങിയതായി പ്രതി സമ്മതിച്ചു.
പൂജപ്പുര ജയിലിലെ തടവുകാരനായിരുന്ന മുഹമ്മദ് അബ്ദുള്‍ ഹാദി 20 ദിവസത്തിനു മുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ജയിലിന്റെ വകയായുള്ള കഫറ്റേറിയയില് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ സ്ഥിരമായി ഇയാളെ എത്തിച്ചിരുന്നു. ഈ പരിചയത്തില്‍ നിന്നാണു താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം കണ്ടെത്തിയതും ഓഫീസ് റൂമില്‍ പണം സൂക്ഷിക്കാറുണ്ടെന്നു മനസിലാക്കിയതും. ജയില്‍ കാന്റീനിലെ കൗണ്ടറിലും ഇയാള്‍ ജോലിചെയ്തിട്ടുണ്ട്. മോഷണംനടന്ന ദിവസം കാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവെങ്കിലും ഇതിന്റെ ദിശ തിരിച്ചുവച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
മതില് ചാടിക്കടന്നാണ് പ്രതി കഫറ്റേറിയയില് എത്തിയതെന്നാണു സൂചന. അതേസമയം കഫറ്റേറിയയ്ക്കു സമീപത്തെ ഇടറോഡുവഴി നടന്നുവരികയായിരുന്നുവെന്നാണ് പ്രതി പറയുന്നത്. കാമറാ ദൃശ്യങ്ങള്‍ ലഭിക്കാതായതോടെ ആറുമാസത്തിനുള്ളില്‍ പൂജപ്പുര ജയിലില്‍ നിന്ന് തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇപ്രകാരം 25-പേരുടെ ലിസ്റ്റാണ് പോലീസ് തയാറാക്കിയിരുന്നത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി തിരുവല്ലയില്‍ ഉള്ളതായി രഹസ്യവിവരം പോലീസിനു ലഭിക്കുകയായിരുന്നു. പൂജപ്പുര സിഐ പി. ഷാജിമോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.