ബംഗ്ലാദേശ് സ്വദേശി പിടിയിൽ തിരുവനന്തപുരത്ത് പിടിയിൽ
1587639
Friday, August 29, 2025 6:18 AM IST
ബ്രഹ്മോസിലെ കരാർ തൊഴിലാളിയെന്നു മൊഴി
മെഡിക്കൽ കോളജ്: വ്യക്തമായ രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് സ്വദേശിയെ പേട്ട പോലീസ് പിടികൂടി. പ്രണോയ് റോയി (29) ആണ് പിടിയിലായത്. ഇന്ത്യയിലേക്കു കടന്നുവന്ന ഇയാളുടെ കൈവശം വ്യാജ ആധാർ കാർഡാണ് ഉണ്ടായിരുന്നത്. ഇയാളുടെ ഫോണിൽ ബംഗ്ലാദേശ് പാസ്പോർട്ടിന്റെ വിവരങ്ങളും കൈവശം വെസ്റ്റ് ബംഗാളിൽ നിന്നും ഇയാൾ വ്യാജമായി നിർമിച്ച ആധാർ കാർഡും കണ്ടെത്തി.
2025 ലാണ് ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചേർന്നത്. ഓൾ സെയിന്റ്സിനു സമീപം കൊച്ചുവേളിയിലാണ് ഇയാൾ താമസിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
സംശയം തോന്നി രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഫോണിനുള്ളിൽ ബംഗ്ലാദേശിൽ എടുത്ത പാസ്പോർട്ടിന്റെ കോപ്പി കണ്ടെത്തിയത്. ബ്രഹ്മോസിലെ കരാർ തൊഴിലാളി ആണെന്നാണ് പോലീസിനോട് പ്രണോയ് റോയി പറഞ്ഞത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു വരുന്നതേയുള്ളൂ.
പേട്ട സിഐ വി.എം. ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ ബൈജു, ഗിരീഷ്, സിപിഒമാരായ ദീപു, ആദർശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.