മധു താരപരിവേഷങ്ങളില്ലാത്ത നടൻ: അടൂർ ഗോപാലകൃഷ്ണൻ
1587643
Friday, August 29, 2025 6:18 AM IST
തിരുവനന്തപുരം: സ്വയംവരത്തിലെ വിശ്വത്തിനു ജീവൻ നല് കിയ മധുവിനെ കാണാനും ഓണക്കോടി സമ്മാനിക്കാനും സ്വയംവരത്തിന്റെ ശില്പി അടൂർ ഗോപാലകൃഷ്ണൻ ഇന്നലെ കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിലെത്തി. മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകളിൽ സുവർണാക്ഷരങ്ങളിൽ കുറിച്ചുവയ്ക്കേണ്ട ഒന്നായി മാറി മഹാനടന്റെയും സിനിമാ ഇതിഹാസത്തിന്റെയും സംഗമം.
പ്രേംനസീർ സുഹൃദ്സമിതിയാണ് ചലച്ചിത്ര താരം മധുവിനു ഓണക്കോടി സമ്മാനിക്കുന്ന ഓണനിലാവ് 2025 സംഘടിപ്പിച്ചത്. ചലച്ചിത്ര മേഖലയിൽ ഇത്രയും കാലം ഇത്രയധികം സ്നേഹം ലഭിച്ച മറ്റൊരു നടനില്ല എന്ന വാക്കുകളോടെയാണ് മധുവിന്റെ തൊട്ടടുത്ത കസേരയിൽ ഇരുന്ന അടൂർ സംസാരിച്ചു തുടങ്ങിയത്. ഒരു താരത്തിന്റെ പരിവേഷങ്ങൾ ഒന്നും ഇല്ലാത്ത നായകനടനാണ് മധു.
ആദ്യമായി സിനിമ എടുക്കുന്നവർക്കും സമീപിക്കാൻ കഴിയുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. സ്വയംവരം എന്ന സിനിമയിൽ അഭിനയിച്ച മധുവിനു പ്രതിഫലം നല് കിയിട്ടുണ്ടോ എന്നു സംശയമാണെന്നും പുഞ്ചിരിയോടെ അടൂർ കൂട്ടിച്ചേർത്തു. 1972-ൽ സ്വയംവരമെടുക്കുന്നത് രണ്ടരലക്ഷം രൂപയ്ക്കാണ്. തന്റെ ആദ്യ മുഴുനീള കഥാചിത്രമായ സ്വയംവരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് അടൂർ തുടർന്നു.
ചിത്രത്തിൽ നായികയായി അഭിനയിച്ച ശാരദ 25,000 രൂപയാണ് ആവശ്യപ്പെട്ടത്. 1972-ൽ അത് വലിയൊരു തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നാണ് സ്വയംവരം സൃഷ്ടിച്ചത്. ചലച്ചിത്ര നടൻ കരമന ജനാർദനൻ നായർ വഴിയാണ് മധുവിനെ ആദ്യം പരിചയപ്പെടുന്നത്. നിർഭാഗ്യവശാൽ സ്വയംവരത്തിനു ശേഷം തന്റെ ഒരു സിനിമയിലും മധു അഭിനയിച്ചിട്ടില്ല. മധുവിനെ പോലെ സുന്ദരനായ ഒരു നടനും പിന്നീട് തന്റെ സിനിമയിൽ നായകനായിട്ടില്ല.
സാധാരണക്കാരെക്കാൾ സൗന്ദര്യം കുറഞ്ഞ നടന്മാരാണ് പിൽക്കാലത്ത് തന്റെ സിനിമകളിൽ നായകന്മാരായതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മധുവിനെ പോലുള്ള നല്ല വ്യക്തികൾ കുറയുന്ന കാലമാണിത്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരുടെയും വിമർശിക്കുന്നവരുടെയും എണ്ണം കൂടുന്നകാലം. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പറയലിനു നല്ല പ്രചാരം ലഭിക്കുന്നുണ്ടെന്നും അടുത്തകാലത്ത് നടന്ന വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് അടൂർ ഗോപാലകൃ ഷ്ണൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 60 വർഷക്കാലമായി അടൂർ ഗോപാലകൃഷ്ണനുമായി അടുപ്പമുണ്ടെങ്കിലും അടൂർ ഇത്രയധികം സംസാരിക്കുന്നത് കേൾക്കുന്നത് ഇതാദ്യമായാണെന്നു മറുപടി പ്രസംഗത്തിൽ മധു പറഞ്ഞു. അടൂരിന്റെ പ്രസംഗം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ തന്റെ വീട്ടിൽ വന്നിത്രയും തുറന്ന് അടൂർ സംസാരിക്കുന്നത് ആദ്യത്തെ അനുഭവമാണ്.
സ്വതസിദ്ധമായ ശൈലിയിൽ മധു പറഞ്ഞു. ചടങ്ങിൽ ട്രിവാൻഡ്രം ഡിസ്ട്രിക്ട് റോട്ടറി സെക്രട്ടറി എം. എൽ. ഉണ്ണികൃഷ്ണൻ, പ്രേംനസീർ സുഹൃദ്സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങി പ്രസംഗിച്ചു. പ്രേംനസീർ സുഹൃദ്സമിതിയുടെ പ്രേംസിംഗേഴ്സ് ഓണപ്പാട്ടുകളും മധു അഭിനയിച്ച സിനിമകളിലെ ഗാനങ്ങളും ആലപിച്ചു.