ഓപ്പറേഷൻ തിയറ്ററുകൾ അടച്ചിട്ടിട്ട് മാസങ്ങൾ: രോഗികൾ ദുരിതത്തിൽ
1587138
Wednesday, August 27, 2025 8:10 AM IST
നെടുമങ്ങാട്: മലയോര പട്ടണമായ നെടുമങ്ങാട്ടെ ഏക സർക്കാർ ആതുരാലയമായ ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി ഓപ്പറേഷൻ തിയറ്ററുകൾ അടച്ചിട്ടിട്ട് മാസങ്ങളായി. നിത്യേന നിരവധി രോഗികളാണു ചെറുതും വലുതുമായ ശസ്ത്രക്രിയകൾക്കായി ഇവിടെയെത്തി ചികിത്സ കിട്ടാതെ മടങ്ങുന്നത്.
ജനറൽ സർജറി മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ജനറൽ മെഡിസിൻ വിഭാഗവും കാര്യമായി പ്രവർത്തിക്കുന്നില്ല. ജനറൽ മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിഭാഗങ്ങളിൽ എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാൻ വാർഡു സൗകര്യവുമില്ല. നവീകരണ ജോലികൾ നടക്കുന്നുവെന്നാണു കാരണമായി പറയുന്നത്. നവീകരണം ആരംഭിച്ചിട്ടു രണ്ട് മാസത്തോളമായി.
150 രോഗികളെ വരെ കിടത്തി ചികിത്സിച്ചിരുന്ന ഇവിടെ പത്തിൽ താഴെ രോഗികളെ കിടത്താനുള്ള വാർഡ് സൗകര്യമേ ഇപ്പോഴുള്ളു. സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ സംവിധാനവും ഇവിടെയില്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽ സുഷിര ശസ്ത്ര ക്രിയ എന്നിവയുൾപ്പെടെ ചെയ്തിരുന്ന ഒരു ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ചികിത്സ തേടിവരുന്നവരിൽ നല്ലൊരു ഭാഗത്തെ എസ്യുടി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് അധികൃതർ ആരും ഉത്തര വാദിത്വ പരമായ ഒരു ഇടപെടലും ആശുപത്രിയുടെ കാര്യത്തിൽ നടത്തുന്നില്ല എന്ന് ആക്ഷേപവുമുണ്ട്. ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുള്ള ഓട്ടോ ക്ലൈവ് മെഷീൻ നോക്കുകുത്തിയായിട്ടു വർഷങ്ങളായി.
ആരോഗ്യ വകുപ്പിൽനിന്ന് ഈ ഉപകരണം ലഭിച്ചിട്ട് നാലു വർഷത്തോളമായി. മുറി തയാറാക്കിയെങ്കിലും ഇത് പ്രവർത്തിക്കുന്നതിനു സംവിധാനം ഒരുക്കാത്തതിനെ തുടർന്നാണ് പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ഇവിടെ ഇപ്പോൾ നാഥനില്ലാ കളരിയാണ്. പരാതി പറയാനോ ആവശ്യങ്ങൾ ബോധിപ്പിക്കാനോ ഫോൺ വിളിച്ചാൽ സൂപ്രണ്ട് പ്രതികരിക്കാറില്ല എന്ന് പരാതിയുണ്ട്. സ്വകാര്യ ആശുപത്രികളെയും ലാബുകളേയും സഹായിക്കാനുള്ള ഒത്തു കളിയാണ് ഇവിടെ നടക്കുന്നതെന്ന് ആക്ഷേപം വ്യാപകമാണ്.