കാഴ്ച്ചയൊരുക്കി കാടിന് മക്കള്‍ കവടിയാര്‍ കൊട്ടാരത്തില്‍
1587637
Friday, August 29, 2025 6:18 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: ഓണനാളുകളുടെ വരവറിയിച്ച് കവടിയാര്‍ കൊട്ടാരത്തില്‍ കാടിന്റെ മക്കളെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വനപ്രദേശത്തും കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ വനപ്രദേശത്തുമായി പശ്ചിമഘട്ട വനാന്തരങ്ങളില്‍ താമസിക്കുന്ന ആദിവാസി വിഭാഗമായ കാണി സമുദായക്കാരായ 150ഓളം പേരാണ് ഇന്നലെ കവടിയാര്‍ കൊട്ടാരത്തിലെത്തിയത്.
എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തിരുവോണ നാളിനു മുമ്പായി കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെക്കണ്ടു വനവിഭവങ്ങള്‍ കാഴ്ചയായി നല്കി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് ഇവര്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നു. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്നും മാര്ത്താണ്ഡവര്മയ് ക്ക് ഒളിത്താവളം ഒരുക്കിയ കാലം മുതലുള്ള ബന്ധമാണ് കോട്ടൂരിലെ കാണിക്കാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ളത്.
രാജഭരണകാലത്ത് ആദിവാസി മൂപ്പന്മാര് വര്‍ഷത്തില്‍ ഒരിക്കല്‍, നാടുഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരെ മുഖം കാണിക്കുന്ന ഒരു ചടങ്ങ് നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. ആ ചടങ്ങ് കോട്ടൂര്‍ മുണ്ടാണി മാടന് തമ്പുരാന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും നടന്നുവരുന്നു. കൊട്ടാരത്തിലേക്കു പുറപ്പെടുന്ന കാണിക്കാര്‍ രാവിലെ തന്നെ ക്ഷേത്രത്തിലെത്തി കുലദൈവമായ മാടന്തമ്പുരാനെയും മലദേവതകളായ കാലാട്ടുതമ്പുരാനെയും കരിങ്കാളിയെയും പൂജിച്ചശേഷമാണ് കൊട്ടാരത്തിലേക്കു പുറപ്പെടുന്നത്.
മുളം കുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, ഈറ്റയിലും ചൂരലിലും നെയ്തെടുത്ത പെട്ടികള്‍, കുട്ടകള്‍, പൂക്കുടകള്‍ എന്നിവയെല്ലാം കാണിക്കാര്‍ രാജകൊട്ടാരത്തില്‍ കാഴ്ചയായി എത്തിച്ചു. കാട്ടുകുന്തിരിക്കം, വാഴക്കുലകള്‍ തുടങ്ങിയ കാര്‍ഷിക വിളകളും എത്തിച്ചിരുന്നു. കവടിയാര്‍ കൊട്ടാരത്തിലെത്തിയ കാടിന്റെ മക്കളെ പൂയം തിരുനാള്‍ ഗൗരീ പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി എന്നിവരുടെ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങള്‍ ചേര്‍ന്നു കൊട്ടാരവാതില്‍ക്കലെത്തി സ്വീകരിച്ചു.
വനത്തിനുള്ളിലെ ജീവിതത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം രാജകുടുംബാംഗങ്ങള്‍ കാടിന്റെ മക്കളോടു ചോദിച്ചറിഞ്ഞു. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധുട്ടെന്ന് ആദിവാസികള്‍ പറഞ്ഞു.
ഊഞ്ഞാല് കൊട്ടാനുള്ള കാട്ടുവള്ളി ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ഇവര്‍ ഇന്നലെ രാജകൊട്ടാരത്തില്‍ കാഴ്ചയായിഎത്തിച്ചത്. രാജകുടുംബാഗങ്ങള്‍ ദക്ഷിണയും പുതുവസ്ത്രങ്ങളും സമ്മാനിച്ചാണ് ഇവരെ തിരികെ കാട്ടിലേക്കു യാത്രയാക്കിയത്.ശംഖുമുഖം ആറാട്ടുകടവ് സന്ദര്‍ശിച്ച ശേഷം ഇന്നലെ രാത്രി കോട്ടൂര്‍ ക്ഷേത്രത്തില്‍ താമസിച്ച ഇവര്‍ ഇന്നു പുലര്‍ച്ചെ ഊരുകളിലേക്കു മടങ്ങും.