അമിത പലിശക്കു പകരമായി വാഹനംപിടിച്ച അക്രമി പിടിയിൽ
1587410
Thursday, August 28, 2025 7:10 AM IST
രണ്ടുലക്ഷം രൂപയും ചെക്കുകളും പിടിച്ചെടുത്തു
പാറശാല: അമിത പലിശയ്ക്കു നല്കിയ പണത്തിന് ഈടായി യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം പിടിച്ചെടുത്തയാള്‍ അറസ്റ്റില്‍. കൊറ്റാമം സ്വദേശി ഹരന് (30) ആണ് പിടിയിലായത്. ഹരനില്നിന്നും പണം കടം വാങ്ങിയ മര്യാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് പാറശാല പോലീസ് അന്വേഷണം തുടങ്ങിയത്.
ഹരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അമിത പലിശയ്ക്കു നല്കിയ പണത്തിന് ഈടായി വാങ്ങിയ നാലു കാറുകള്‍, കണക്കില്‍പെടാത്ത രണ്ടുലക്ഷം രൂപ, ഏഴു വാഹനങ്ങളുടെ ആര്‍സി ബുക്ക്, പലരുടെയും പേരില്‍ ഒപ്പിട്ടു വാങ്ങിയ ചെക്ക് തുടങ്ങിയവയും കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഒന്നരവര്‍ഷം മുന്‍പ് വിശാഖ് 100 രൂപക്ക് 10 രൂപ നിരക്കില്‍ ഹരനില്നിന്ന് ആറര ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലതവണയായി 17 ലക്ഷം രൂപ തിരിച്ചു നല്കി. പിന്നീട് വീണ്ടും പണം നല്കേണ്ടതുണ്ടെന്നു ഭീഷണിപ്പെടുത്തി വിശാഖിന്റെ കാര്‍ ഈടായി ഹരന് പിടിച്ചെടുത്തു.
വാഹനം തിരിച്ചു പി ടിക്കാൻ വിശാഖ് പലരില്‍ നിന്നും പണം കടം വാങ്ങി നല്‍കിയെങ്കിലും ഹരൻ കാര്‍ തിരിച്ചു നല്‍കിയില്ല. വാഹനം വിട്ടു നല്കാന് വിശാഖിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഹരൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 19ന് വിശാഖിന്റെ പിതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പാറശാല ഉദിയന്‍കുളങ്ങര പ്രദേശങ്ങള്‍ കേന്ദ്രമാക്കി വാഹനം, ഭൂമിയുടെ രേഖകള്‍, ആര്‍സി ബുക്ക്, ചെക്ക് എന്നിവ വാങ്ങി അമിത പലിശയ്ക്കു പണം നല്കുന്ന ഒട്ടേറെ പേര് പ്രവര്‍ത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പലിശ വൈകിയാല്‍ ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പം എത്തുന്ന സംഘം വീടു കയറി ഭീഷണിപ്പെടുത്തി സാധുക്കളില്നിന്ന് പൈസ കൊള്ളയടിക്കുന്ന രീതിയാണ് ഇവിടെ നടന്നു വരുന്നത്. ഇന്നലെ പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.