ബാര്‍ട്ടന്‍ഹില്ലിലെ കൊലപാതക ശ്രമം; യുവാവ് പിടിയില്‍
1587411
Thursday, August 28, 2025 7:10 AM IST
പേരൂര്‍ക്കട: ബാര്‍ട്ടണ്‍ ഹില്‍ റോഡിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടു നാലാംപ്രതിയെ കന്റോണ്‍മെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, സൂരജ് എന്നിവര്‍ ചേര്‍ന്നു പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 397-ല്‍ നിരഞ്ജന് സുനില്‍കുമാര്‍ (18) ആണ് പിടിയിലായത്.
ഈമാസം 15-നാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോട്ടപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന് (22) ആണ് ആക്രമണത്തിന് ഇരയായത്. നിരഞ്ജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സംഭവദിവസം എന്‍ജിനീയറിംഗ് കോളജിനു സമീപം നില്‍ക്കുകയായിരുന്ന മുഹമ്മദ് റിസ്വാനെ കമ്പുകൊണ്ടടിച്ചു പരിക്കേല്‍പ്പിക്കുകയും വാള് ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ക്രിമിനല്‍ക്കേസ് പ്രതിയും ബാര്‍ട്ടണ്‍ ഹില്‍ സ്വദേശിയുമായ രാജേഷിന് ഒന്നാംപ്രതിയായ കിച്ചാമണിയുടെ മാതാവുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ വിരോധംമൂലം സംഭവദിവസം രാജേഷിനെ ആക്രമിക്കാനാണ് സംഘം എത്തിയത്. എന്‍ജിനീയറിംഗ് കോളജിനു സമീപത്തുകൂടി രാജേഷ് ഓടി രക്ഷപ്പെട്ടു. ആ സമയത്ത് കോളജിനടുത്ത് ഉണ്ടായിരുന്നയാളാണ് മുഹമ്മദ് റിസ്വാന്. ഇയാള്‍ രാജേഷിന്റെ സംഘത്തില്‍പ്പെട്ടയാളാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
മുഹമ്മദ് റിസ്വാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികള്‍ കോടതിയില്‍ കീടങ്ങിയിരുന്നു. മൂന്ന്, അഞ്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സിപിഒമാരായ ഷൈന്‍, ഷീല, ദീപു, ഉദയന്‍, സുല്‍ഫി, സാജന്, അരുണ്‍, ഷംല, വൈശാഖ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.