സപ്ലൈകോയുടെ "സഞ്ചരിക്കുന്ന ഓണച്ചന്തകൾ' ഓടിത്തുടങ്ങി
1587416
Thursday, August 28, 2025 7:17 AM IST
നെടുമങ്ങാട്: ഓണത്തോടനുബന്ധിച്ച് നെടുമങ്ങാട്,അരുവിക്കര, വാമനപുരം നിയോജക മണ്ഡലങ്ങളിലെ ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആരംഭിച്ചു. നെടുമങ്ങാട് സപ്ലൈകോ ഡിപ്പോയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന് പുറമെയാണ് സഞ്ചരിക്കുന്ന ഓണച്ചന്തകൾ ക്രമീകരിച്ചിട്ടുള്ളത്.
നഗരസഭയിലെ പരിയാരം, മുക്കോല, വിതുര പഞ്ചായത്തിലെ മൊട്ടമൂട്, പൊടിയക്കാല, പനവൂർ പഞ്ചായത്തിലെ പേരയം, പൂവക്കാട് എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യ വിതരണം പൂർത്തിയാക്കിയതായി സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു.
31നു രാവിലെ 10.30ന് വിതുര നരകത്തിൻകാല, ഉച്ചയ്ക്ക് രണ്ടിനു പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി, സെപ്റ്റം. ഒന്നിനു രാവിലെ 10ന് ആര്യനാട് കൊക്കോട്ടേല, ഉച്ചയ്ക്ക് രണ്ടിനു ചെറുമഞ്ചൽ, രണ്ടിനു രാവിലെ 10ന് പേരുമല, ഉച്ചയ്ക്ക് രണ്ടിനു തെള്ളിക്കച്ചാൽ, മൂന്നിനു രാവിലെ 10ന് പന്തലക്കോട്, ഉച്ചയ്ക്ക് രണ്ടിനു തലയൽ എന്നിവിടങ്ങളിൽ ഓണച്ചന്ത എത്തിച്ചേരും.
മന്ത്രി ജി.ആർ.അനിലിന്റെ നിർദേശപ്രകാരമാണ് ഓണച്ചന്തകൾ ആരംഭിച്ചത്.നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഓണച്ചന്തകൾ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അധ്യക്ഷനായി.