നെയ്യാര്‍ മേളയ്ക്ക് ഇന്നു തുടക്കം
1587647
Friday, August 29, 2025 6:30 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ സ്വന്തം നെയ്യാര്‍ മേളയ്ക്ക് ഇന്നു തിരി തെളിയും. ഇനിയുള്ള പതിനേഴു നാളുകളില്‍ ആഘോഷത്തിരയിളക്കം. വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ പത്താമത് എഡിഷന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് വിളംബരറാലിക്കും പതാക ഉയര്‍ത്തലിനും ശേഷം നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
വൈകുന്നേരം മൂന്നിനു വിളംബരറാലിയുടെ ഉദ്ഘാടനം ഡിവൈഎസ്പി എസ്. ചന്ദ്രദാസും പതാക ഉയര്‍ത്തല്‍ കര്‍മം സമിതി ഏരിയാ പ്രസിഡന്റ് പി. ബാലചന്ദ്രന്‍നായരും നിര്‍വഹിക്കും. നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന്, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചന്, ജില്ലാ സെക്രട്ടറി അഡ്വ. ആദര്‍ശ് ചന്ദ്രന്, ഡിസിസി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്, ബിജെപി മണ്ഡലം പ്രസിഡന്റ് തിരുപുറം ഗോപാലകൃഷ്ണന്, മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ് എന്നിവര്‍ സംബന്ധിക്കും.
തലസ്ഥാന ജില്ലയുടെ തെക്കന്‍ പ്രദേശത്തെ ഏറ്റവും വിപുലമായ ഓണാഘോഷവും വ്യാപാരമേളയും സാംസ്കാരികോത്സവവുമായി കീര്ത്തിയാർജിച്ചുകഴിഞ്ഞ മേളയില്‍ വിവിധ തലമുറകളിലെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവുന്ന ഒട്ടനേകം വ്യത്യസ്ത വിഭവങ്ങളുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.