സാധാരണക്കാർക്ക് ആധുനിക ചികിത്സ ലഭ്യമാവണം: പൂയം തിരുനാൾ ഗൗരിപാർവതി ബായി
1587408
Thursday, August 28, 2025 7:10 AM IST
തിരുവനന്തപുരം: ചികിത്സാച്ചിലവ് വൻതോതിൽ വർധിച്ചുവരുന്ന ഇക്കാലത്ത് സാധാരണക്കാരായ രോഗികൾക്കു രോഗമുക്തിക്കു വേണ്ടിയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകേണ്ടത് അനിവാര്യമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി.
റീജണൽ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ആശ്രയ എന്ന വനിതകളുടെ സന്നദ്ധസംഘടനയുടെ 30-ാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പൂയം തിരുനാൾ. വെള്ളയന്പലം ആനിമേഷൻ സെന്ററിലായിരുന്നു ചടങ്ങ്. ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് പണച്ചിലവുള്ള ഒരു കാര്യമായി ഇന്ന് മാറിയിരിക്കുകയാണ്. പൂയം തിരുനാൾ പറഞ്ഞു.
സാധാരണക്കാരായ കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്നതിലൂടെ മാതൃകാപരമായ സേവനമാണ് ആശ്രയ നടത്തുന്നതെന്നും പൂയം തിരുനാൾ പറഞ്ഞു. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മ സേതു പാർവതി ബായി കാൻസറിനെ അതിജീവിച്ച വ്യക്തിയാണ് എന്നും പൂയംതിരുനാൾ പറഞ്ഞു. നല്ല ആത്മധൈര്യം ഉണ്ടായിരുന്നതുകൊണ്ട് അർബുദത്തെ നേരിടാൻ അമ്മൂമ്മയ്ക്ക് സാധിച്ചു.
ഇന്നത്തെ പോലുള്ള ചികിത്സകൾ ലഭ്യമില്ലാതിരുന്ന കാലമാണ്. ദൈവനിശ്ചയം അങ്ങനെയാണെങ്കിൽ നേരിടാൻ ഞാൻ തയ്യാറാണ്. എന്തായാലും ഒരിക്കൽ എല്ലാവരും മരിക്കുമല്ലോ എന്നാണ് അമ്മൂമ്മ പറഞ്ഞിരുന്നത്. കാൻസറിനെ അതിജീവിച്ച അമ്മൂമ്മ പിന്നീട് പതിനെട്ട് വർഷം ജീവിക്കുകയും ചെയ്തു- ഗൗരി പാർവതി ബായി കൂട്ടിച്ചേർത്തു.
ആശ്രയ പ്രസിഡന്റ് ശാന്ത ജോസ് അധ്യക്ഷത വഹിച്ചു. ആർസിസി ഡയറക്ടർ ഡോ. ആർ. രജനീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇഎൻടി പ്രഫസർ ഡോ. പി. വി. അജയൻ ആശംസ പ്രസംഗം നടത്തി. ആശ്രയ സെക്രട്ടറി റെജി മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുഷ്പ ആൻഡ്രൂസ് പൂയം തിരുനാൾ ഗൗരി പാർവതി ബായിയെ പരിചയപ്പെടുത്തി. ആശ്രയ വൈസ് പ്രസിഡന്റ് ആനി ജോർജ് സ്വാഗതം ആശംസിച്ചു. അംഗം മോളി അഗസ്റ്റിൻ നന്ദി പറഞ്ഞു.