പൂട്ടിയിട്ടിരുന്ന വീട്ടിൽ ആക്രമണം നടത്തിയ ഒരാൾ പിടിയിൽ
1587641
Friday, August 29, 2025 6:18 AM IST
മലയിൻകീഴ്: പൂട്ടിയിട്ടിരുന്ന വീട്ടിൽ ആക്രമണം നടത്തിയ ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ. മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്റെ പൂട്ടിയിട്ടിരുന്ന വീടിന്റെ ജനൽ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതിയായ വിളപ്പിൽശാല കാവിൻപുറം ഗീതു ഭവനിൽ ആൽബിനെ (32)യാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.16 നായിരുന്നു സംഭവം. അക്രമി സംഘത്തിൽ അഞ്ചു പേരുണ്ടായിരുന്നു.
വീട്ടിലെ സിസിടിവി കാമറയും മറ്റു ഉപകരണങ്ങളും പ്രതികൾ കവർന്നിരുന്നു. അക്രമികൾ വീടിനു മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർക്കുകയും കെഎസ്ഇബി മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റുകയും ചെയ്തിരുന്നു. അക്രമികളിൽ രണ്ടു പേരുടെ ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നത് വിലക്കിയതിലുഉള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. സംഘം സ്ഥിരമായി ഈ വീട്ടിനു സമീപമാണു ലഹരി സാധനങ്ങൾ ഉപയോഗിക്കാൻ എത്തുതെന്നും ആരോപണം ഉയരുന്നുണ്ട്.