കാർ ബൈക്കുകളെ ഇടിച്ച് തെറിപ്പിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
1587436
Thursday, August 28, 2025 10:10 PM IST
വിഴിഞ്ഞം: കോവളം -കാരോട് ബൈപാസിലുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ഒരാളെ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരംകുളം പൊട്ടക്കുളം മുള നിന്ന രതീഷ് ഭവനിൽ മാധവന്റെയും ജയയുടെയും മകൻ രതീഷ് കുമാർ (40) ആണ് മരിച്ചത്.
മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരനായ വിഴിഞ്ഞം ചൊവ്വര സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ബൈക്കിനെയും
സ്കൂട്ടറിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലരയോടെ ബൈപാസിൽ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപത്തായിരുന്നു അപകടം. കോവളത്ത് നിന്ന് ഒരേ ദിശയിലേക്ക് വരുകയായിരുന്ന ഇരുചക്രവാഹനങ്ങളെ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാർ ഓടയിലൂടെ നൂറ് മീറ്ററോളം ഓടിയ ശേഷം ബൈപ്പാസിന്റെ മൺചുവരിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർയാത്രികരായ പാറശാല ഇഞ്ചിവിള സ്വദേശികളായ ദമ്പതികൾ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം ബന്ധുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ കാർ ഡ്രൈവർക്ക് വഴിയിൽ വച്ച് അസ്വസ്തത ഉണ്ടായതോടെ പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. ഫ്രിലാൻഡ് ഫോട്ടോഗ്രഫറായിരുന്നു അവിവാഹിതനായ രതീഷ് കുമാർ. സഹോദരങ്ങൾ: രേണുക (പൊതുമാരാമത്ത് വകുപ്പ്), രാജേഷ് (ഹെൽത്ത് സർവീസ്).