ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് പരാതി
1587406
Thursday, August 28, 2025 7:10 AM IST
കാട്ടാക്കട: കാട്ടാക്കട സ്വദേശിനിയായ ഇരുത്തിയാറുകാരിയുടെ ജീവിതം വഴിമുട്ടിച്ച് ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്നു കാട്ടാക്കട സ്വദേശിനിയായ യുവതി ആരോപിച്ചു. 50 സെന്റീമീറ്റർ നീളമുള്ള ട്യൂബാണു കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ടു യുവതി ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടു വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണു ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോൾ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്.
ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയി എന്നും എടുത്ത് മാറ്റാൻ പ്രയാസമാണെന്നും ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്നു ഡോക്ടർ അറിയിച്ചെന്നും യുവതി പറയുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരേയാണു യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാർച്ച് 22ന്. വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു ർഷം ചികിത്സ തുടർന്നു.
ആരോഗ്യ പ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയർ കണ്ടത്. തുടർന്നു വീണ്ടും ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാർ മറ്റു ഡോക്ടർമാരുമായി സംസാരിച്ചു കീ ഹോൾ വഴി ട്യൂബ് എടുത്തു നൽകാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.
പിന്നീട് രാജീവ് കുമാറിന്റെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സിടി സ്കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ് കുമാർ കൈയൊഴിഞ്ഞെന്നും ആരോപിക്കുന്നുണ്ട്. ചികിത്സയ് ക്കു മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും യുവതി പറഞ്ഞു.