ക്രിസ്തു ദർശനങ്ങളുടെ സാക്ഷ്യമായി ട്രേയിറ്റ്സ് സാക്ക്റേസ്
1587141
Wednesday, August 27, 2025 8:10 AM IST
തിരുവനന്തപുരം: ഹൃദയ കാൻവാസിൽ തെളിഞ്ഞ യേശുക്രിസ്തുവിന്റെ ചൈതന്യമാർന്ന മുഖവും ഈശോയുടെ സ്നേഹവും കാരുണ്യവും സഹനവും ചിത്ര കാൻവാസിലേക്കു പകർത്തപ്പെട്ടപ്പോൾ അതു വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത ആത്മീയാനുഭൂതിയായി.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഇന്നലെ തുടക്കം കുറിച്ച "ട്രേയിറ്റ്സ് സാക്ക്റേസ്' എന്ന പെയിന്റിംഗ് പ്രദർശനം ക്രിസ്തീയ ദർശനങ്ങളുടെ സാക്ഷാത് കാരമായി മാറി.
ബ്രദർ ജോർജ് കൊച്ചറയ് ക്കൽ, ബ്രദർ പിയോ വടക്കുംപാടൻ എന്നീ വൈദിക വിദ്യാർഥികളുടെയും ചിത്രകാരൻ മഹേഷ് മാഷിന്റെയും ചിത്രകാരി ടോമിന മേരി ജോസിന്റെയും പെയിന്റിംഗുകളാണ് യേ ശുക്രിസ്തുവിന്റെ പരിശുദ്ധ ജീവിതത്തിന്റെയും മഹാത്യാഗത്തിന്റെയും ഹൃദയ സാക്ഷ്യങ്ങളായത്. ധ്യാനവും പ്രാർഥനയും ഇഴചേരുന്ന ആത്മീയ സഞ്ചാര വഴികളിൽ ലഭിച്ച ഉൾവെളിച്ചം ചിത്രകാരുടെ എല്ലാ ചിത്രങ്ങൾക്കും പുതിയൊരു പ്രകാശ വിതാനം പകർന്നിട്ടുണ്ട്.
നിത്യ ജീവിതത്തിന്റെ സംഘർഷങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്ന മനുഷ്യർക്കുള്ള ശാശ്വതമായ ആശ്വാസം യേശുക്രിസ്തുവാണെന്ന വിശ്വാസം സ്നേഹസ്പർശമായി കാൻവാസിൽ നിറയുന്നു. ധ്യാനവഴികളിലെങ്ങോ തെളിഞ്ഞ യേശുക്രിസ്തുവിന്റെ രൂപവും വൈദിക വിദ്യാർഥിയായ ചിത്രകാരൻ സത്യമാക്കിയിട്ടുണ്ട്.
ചാർക്കോൾ കൊണ്ടുള്ള പെയിന്റിംഗുകളാണ് ബ്രദർ പിയോ വടക്കുംപാടൻ കാഴ്ചവച്ചിട്ടുള്ളത്. കുരിശിന്റെ വഴിയിലൂടെയുള്ള ഒരു ആത്മസഞ്ചാരമാണ് ബ്രദർ ജോർജ് കൊച്ചറയ്ക്കലിന്റെ കാൻവാസുകളിൽ നിറയുന്നത്. മനുഷ്യന്റെ പാപങ്ങൾ ഏറ്റുവാങ്ങിയ യേശുക്രിസ്തുവിന്റെ പീഡനങ്ങളുടെയും സഹനത്തിന്റെയും യാത്ര കാഴ്ചക്കാരുടെ ഉള്ളിൽ പ്രാർഥനയുടെ പുണ്യംനിറയ്ക്കുന്നു. മഹേഷ് മാഷ് എന്ന ചിത്രകാരന്റെ കാൻവാസുകളിൽ കാണുന്ന ക്രിസ്തുവിന്റെ ചിത്രങ്ങൾ ചിത്രകാരന്റെ ഉള്ളിൽ ദൃശ്യമായവയാണ്.
മനുഷ്യരാശിക്കായി സ്വന്തം ജീവനും രക്തവും പകുത്തു നല്കിയ ശേഷം യേശു ഇവിടെ മറ്റൊരു അനുഭവ തലത്തിൽ പ്രത്യക്ഷനാകുന്നു. എല്ലാ ദർശനങ്ങളുടെ ആഴം തേടിയുള്ള മഹേഷ് മാഷിന്റെ യാത്രയാണ് ക്രിസ്തീയ ദർശന പെയിന്റിംഗുകളിലേക്ക് ചിത്രകാരനെ എത്തിച്ചിരിക്കുന്നത്. റിയലിസ്റ്റിക്കും ഹൈപ്പർ റിയലിസ്റ്റിക്കു മായ പെയിന്റിംഗുകളും പ്രദർ ശനത്തിൽ കാണാം.
ടോമിന മേരി ജോസിന്റെ കാൻവാസുകൾ വ്യത്യസ്തങ്ങളായ വർണ ചൈതന്യം ഒരുക്കുന്നവയാണ്. മാലാഖമാരും ഉണ്ണിയേശുവും സൗന്ദര്യാത്മകതയുടെ ഒരു പ്രതലം സൃഷ്ടിക്കുന്നു. വ്യത്യസ്ത നിറങ്ങളിൽ നിറഞ്ഞു നില്ക്കുന്ന യേശുക്രിസ്തുവിന്റെ പെയിന്റിംഗ്, നിർമലമായ തന്റെ സ്നേഹാശ്ലേഷത്തിൽ ലോകത്തെ മുഴുവൻ പൊതിഞ്ഞ ഫ്രാൻസിസ് മാർ പാപ്പയുടെ യേശുവിനെയാണ് ടോമിന സാക്ഷാത്കരിച്ചിട്ടുള്ളത്. മദർ തെരേസയുടെ മുഖത്തെ ചുളിവുകളായി നീളുന്ന കൊൽക്കത്ത നഗരത്തിന്റെ ആത്മാവ് ദൃശ്യമാകുന്ന ചിത്രവും ശ്രദ്ധേയം.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ ഐക്കോണിക് പെയിന്റിംഗുകളുടെ പ്രിന്റും പ്രദർശനത്തിന്റെ ഭാഗമാണ്. മംഗളവാർത്ത ഉൾപ്പെടെ ബൈബിളിലെ നിരവധി മുഹൂർത്തങ്ങളുടെ പുനരാവിഷ്കാരവും ധന്യം. അർബുദത്തിൽനിന്നും അത്ഭുതകരമായി രക്ഷനേടിയ പീറ്റർ വരച്ച മൂന്നു പെയിന്റിംഗുകളും പ്രദർശനത്തിനു സ് നേഹത്തിന്റെ ആർദ്ര കൈമുദ്ര നല്കുന്നു.
പെയിന്റിംഗ് പ്രദർശനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോണ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി.ഡി. ദത്തൻ, കലാ സംവിധായകൻ നേമം പുഷ്പരാജ്, കലാ നിരൂപകൻ സി.ഇ. സുനിൽ, നിരണം മാർത്തോമ്മാ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോഷി മൂലംകുന്നം, ബ്രദർ ജോർജ് കൊച്ചറയ്ക്കൽ, ബ്രദർ പിയോ വടക്കുംപാടൻ, ടോമിന മേരി ജോസ് എന്നിവർ പ്രസംഗിച്ചു. പെയിന്റിംഗ് പ്രദർശനം ഈ മാസം 31 വരെ നീളും. ദിവസവും രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം 6.30 വരെയാണ് സമയം.
സ്വന്തം ലേഖിക