എസിയില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട്; വീട് കത്തിനശിച്ചു
1587415
Thursday, August 28, 2025 7:17 AM IST
പേരൂര്‍ക്കട: എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം വീട് കത്തിനശിച്ചു. മ്യൂസിയം സ്റ്റേഷന് പരിധിയില്‍ നന്ദന്‍കോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം എന്‍ആര്‍എ 21 നളന്ദയില്‍ ശ്യാംമോഹന്റെ വീടിനാണ് തീപിടിച്ചത്. 26ന് അര്‍ധരാത്രിയോടടുത്താണ് തീപിടിത്തമുണ്ടായത്. വീടിനു തീപിടിച്ചതറിഞ്ഞു വീട്ടുകാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങളെല്ലാം അഗ്നിക്കിരയായി. ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയും കത്തിനശിച്ചു.
അടുക്കള ഭാഗത്തുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറുകള്‍, പോര്‍ച്ചിലുണ്ടായിരുന്ന വാഹനങ്ങള്‍ എന്നിവ സുരക്ഷിതമായി പുറത്തേക്കു മാറ്റി.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഷഹീര്‍, അനീഷ്, ഫിറോസ്ഖാന്, ഷമീര്‍ഖാന്‍, ഷമീര്‍, മനു, എഫ്ആര്‍ഒ ഡ്രൈവര്‍മാരായ ബിജു, സുജീഷ്, ഹോംഗാര്‍ഡ് രഞ്ജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.