പൂജപ്പുരയിലെ മോഷണം : സഹതടവുകാരനെ അറിയിക്കാതെ പണം ധൂര്‍ത്തടിച്ച് മുഹമ്മദ് അബ്ദുള്‍ ഹാദി
1587405
Thursday, August 28, 2025 7:10 AM IST
പേരൂര്‍ക്കട: മോഷണത്തിനുശേഷം സഹതടവുകാരനൊപ്പം പത്തനംതിട്ട തിരുവല്ലയിലെ ഇയാളുടെ വീട്ടിലാണ് പോത്തന്‍കോട് മഞ്ഞമല ഷാജിത മന്‍സിലില്‍ മുഹമ്മദ് അബ്ദുള്‍ ഹാദി (26) ഒരാഴ്ച കഴിഞ്ഞുവന്നത്. എന്നാല്‍ കഫറ്റേറിയില് നിന്നു 4.25 ലക്ഷം രൂപ മോഷ്ടിച്ച കാര്യം സഹതടവുകാരന് അറിഞ്ഞിരുന്നില്ല. 19 കാരനായ ഇയാള്‍ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ ഹാദിക്കൊപ്പം പൂജപ്പുര ജയിലില്‍ കഴിഞ്ഞുവന്നിരുന്നത്.
പണവും കവര്‍ന്നു നേരേ ബസില്‍ കയറി ആലപ്പുഴയിലേക്കു പോയി. അവിടെയുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 60,000 രൂപയുടെ ഐ ഫോണ്‍ വാങ്ങി. അതിനുശേഷം വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങി. പിന്നീട് വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചുവന്നു. റെന്റ് എ കാര്‍ വ്യവസ്ഥയില്‍ ഒരു ഇന്നോവ ക്രിസ്റ്റ വാങ്ങി കുറച്ചുദിവസം ഓടി. വിവിധ സ്ഥലങ്ങളിലുള്ള സ്പാകളില്‍ മസാജിംഗിനും സുഖചികിത്സയ്ക്കും എത്തി.
മോഷ്ടിച്ച തുകയുടെ കുറേഭാഗം അടിച്ചു തീര്‍ത്തശേഷമാണ് തിരുവല്ലയില്‍ സഹതടവുകാരനൊപ്പം വീട്ടില്‍ കഴിഞ്ഞുവന്നത്. പോലീസ് എത്തുമ്പോള്‍ മുറിക്കുള്ളിലുണ്ടായിരുന്ന അബ്ദുള്‍ ഹാദി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. അതേസമയം താന്‍ കഫറ്റേറിയയില് നിന്നു പണം മോഷ്ടിച്ചുവെന്നോ ധൂര്‍ത്തടിച്ചു നടന്നുവെന്നോ സഹതടവുകാരനോട് അബ്ദുള്‍ ഹാദി അവസാനംവരെയും വെളിപ്പെടുത്തിയിരുന്നില്ല. കഫറ്റേറിയയിലെ കാമറയുടെ ദിശ തിരിച്ചുവച്ചത് അബ്ദുള്‍ ഹാദിയായിരുന്നു.
പോലീസ് അന്വേഷണം നടത്തുമ്പോള്‍ കഫറ്റേറിയയുടെ ദൃശ്യം പകര്‍ത്താനാകാത്തവിധം കാമറ റോഡിന് അഭിമുഖമായ ദിശയിലായിരുന്നു. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയാല്‍ മാത്രമേ ഇയാള്‍ മോഷ്ടിച്ച തുക എന്തിനൊക്കെ വിനിയോഗിച്ചുവെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്നു പൂജപ്പുര സിഐ പി. ഷാജിമോന്‍ പറഞ്ഞു.