നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം : നീതി തേടി യുവതി: പുതിയ വാദവുമായി ആരോഗ്യ വകുപ്പ്
1587635
Friday, August 29, 2025 6:18 AM IST
ചികിത്സാ പിഴവ് സമ്മതിച്ച് സർജൻ
കാട്ടാക്കട: നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തിൽ നീതി തേടി മലയിൻകീഴ് സ്വദേശിയായ യുവതി. സംഭവത്തിൽ പുതിയ വാദവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്.
സംഭവത്തിൽ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തിൽ പറയുന്നത്. തൊണ്ടയിൽ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് മൾട്ടി ഗോയിറ്റർ രോഗം കണ്ടെത്തിയതിനെ തുടർന്നു ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോ. രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പു കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു.
ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ഇതു തിരികെ എടുക്കാൻ മറന്നതാണ് തന്നെ ദുരിതത്തിലാക്കിയതെന്നാണ് യുവതിയുടെ പരാതി. തുടർന്ന് ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി.
ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണു വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. നീതിവേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
ചികിത്സാ പിഴവ് സമ്മതിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സർജൻ
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവ് തുറന്നു സമ്മതിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ.
രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടു മാസം മുമ്പാണു പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് സംസാരിച്ചത്.
തെറ്റു പറ്റിപ്പോയെന്നു ഡോക്ടർ പറയുന്നതാണു ശബ്ദരേഖയിലുള്ളത്. അതേ സമയം ചികിത്സാപ്പിഴവിനെ തുടർന്നു യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഒടുവിൽ ഇടപെട്ടു. വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നും ഡോ. രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറയുന്നുണ്ട്.
ഡോക്ടർക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും തങ്ങളോടു മറച്ചുവച്ചെന്നുമാണ് സംഭാഷണത്തിൽനിന്നു തനിക്കു മനസിലായതെന്ന് സബീർ വ്യക്തമാക്കി. ഉത്തരവാദിത്തത്തിൽനിന്നു ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഡോക്ടർ സ്വീകരിച്ചതെന്നും സബീർ കൂട്ടിച്ചേർത്തു.
ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടർ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്നും സുമയ്യയുടെ ബന്ധു പറയുന്നു. ഡോക്ടർ പണം ഗൂഗിൾപേ വഴി അയച്ചു നൽകിയതിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവന്നു.