നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
1587140
Wednesday, August 27, 2025 8:10 AM IST
വിഴിഞ്ഞം: ഉൾക്കടലിൽനിന്നു മത്സ്യബന്ധന ട്രോളർ ബോട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട തമിഴ്നാട് സ്വദേശിയെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ രക്ഷപ്പെടുത്തി കരയ്ക്കെ ത്തിച്ചു. കന്യാകുമാരി കുളച്ചൽ കൊട്ടിൽപ്പാട് സ്വദേശി ഡെനി (29)യെയാണ് മറൈൻ എൻ ഫോ ഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 23നു കൊല്ലം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനായി പോയ കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആൻമേരി എന്ന ബോട്ടിലെ പതിനഞ്ചംഗതൊഴിലാളികളിൽ ഒരാളായിരുന്നു ഡെനി. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിൽ ഇന്നലെ രാവിലെയോടെ ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ബോട്ട് വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചുവിട്ടു.
എന്നാൽ അടിയന്തിര സാഹചര്യം മനസിലാക്കിയ തൊഴിലാളികൾ വിഴിഞ്ഞം ഫിഷറീസ് അധികൃതരുടെ സഹായം തേടുകയായിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, ഷാജഹാൻ എന്നിവർ ചേർന്ന് ഏകദേശം എട്ട് നോട്ടിക്കൽ ഉൾക്കടലിൽനിന്ന് ഡെനിയെ രക്ഷാബോട്ടിൽ കയറ്റി. ഉച്ച യോടെ തുറമുഖത്ത് എത്തിച്ച ഇയാളെ ആംബുലൻസിൽ വിഴിഞ്ഞം ഗവ. ആശുപത്രിയിൽ എത്തിച്ചു.