ഹിന്ദുത്വ തീവ്രവാദം ഇന്ത്യക്ക് നൽകിയത് കടുത്ത ദാരിദ്ര്യം: എ.വിജയരാഘവൻ
1587921
Saturday, August 30, 2025 7:07 AM IST
കോവളം : ഹിന്ദുത്വ തീവ്രവാദം ഇന്ത്യക്ക് നൽകിയത് കടുത്ത ദാരിദ്രവും ശതകോടീശ്വരൻമാർക്ക് തീവെട്ടിക്കൊള്ള നടത്താനുള്ള അവസരവും മാത്രമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റി മുക്കോലയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളി ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
വില്ലുവണ്ടിയിലൂടെ എന്നല്ല നടന്ന് പോലും പോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ആണ് അതിനെതിരെ അയ്യൻകാളി വില്ലുവണ്ടിയിൽ യാത്ര നടത്തിയത്. നല്ല മനുഷ്യർ നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങളും സമരങ്ങളും ആണ് ഇവ നമുക്ക് നേടി തന്നത്. സമരത്തിലൂടെ അല്ലാതെ നമ്മൾ ഒന്നും നേടിയിട്ടില്ല. - എ.വിജയരാഘവൻ പറഞ്ഞു.
ജാതി മതിലുകൾ ഉള്ള, ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് എതിരെ വലിയ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഭാഷ, പേര്, വസ്ത്രം എന്നിവയിലൂടെ ഒക്കെ ജാതി തിരിച്ചറിയാൻ സാധിക്കുന്ന കാലത്ത് നിന്നും നമ്മൾ ഏറെ മാറി. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കമ്യുണിസ്റ്റ് പാർട്ടിക്കും വലിയ പങ്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കോവളം ഏരിയാ കമ്മിറ്റി നിർമ്മിച്ച അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ എ.വിജയരാഘവൻ പുഷ്പാർച്ചന നടത്തി. യോഗത്തിൽ സിപിഎം കോവളം ഏരിയാ സെക്രട്ടറി എസ്.അജിത്ത് അധ്യക്ഷനായി. യോഗത്തിൽ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്.ഹരികുമാർ,
ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, അയ്യൻകാളിയുടെ പിൻമുറക്കാരനായ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു സ്വാഗതവും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. അനൂപ് നന്ദിയും പറഞ്ഞു.