ആരോഗ്യമേഖലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
1587909
Saturday, August 30, 2025 6:53 AM IST
പാറശാല : ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ആരോഗ്യ മേഖലയിലെ ത്രിതല സംവിധാനം മെച്ചപ്പെട്ട കാലഘട്ടമാണ് ഇപ്പോഴെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
താലൂക്കാശുപത്രിയില്‍ ഡയാലിസ് സംവിധാനം ഒരുക്കിയിരിക്കുന്നത് സാധാരണക്കാരായ നൂറുകണക്കിന് വൃക്ക രോഗികള്‍ക്ക് ഗുണകരമായിരിക്കും. ഒരേസമയം 40 പേര്‍ക്ക് ഡയാലിസ് ചെയ്യുവാനുള്ള സൗകര്യം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സിന് ഉണ്ട്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലാണ് സര്‍ക്കാരാശുപത്രിയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. 262 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ കെ എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ട വിഹിതം യഥാസമയം ലഭിക്കുന്നില്ല. വായ്പയെടുക്കുവാനും അനുവദിക്കാത്തത് ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കിഫ്ബി എടുക്കാന്‍ ഉദ്ദേശിക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ ഫണ്ടില്‍ കുറവ് ചെയ്യുന്നത് സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നാഷണല്‍ ഹൈവേ നടക്കാത്ത പദ്ധതിയെന്നാണ് പറഞ്ഞിരുന്നത്. അതിന് മാറ്റം വരുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ഡോ.കെ.ജെ.റീന, കെ.ആന്‍സലന്‍ എംഎല്‍എ, വി.ജോയ് എംഎല്‍എ, ഡോ.എന്‍ വൊബ്രാഗഡെ, അഡ്വ. ഡി.സുരേഷ് കുമാര്‍, അഡ്വ. എസ്.കെ.ബെന്‍ ഡാര്വിന്, എല്‍.മഞ്ജു സ്മിത, വി.ആര്.സലൂജ, അല്വേടിസ, ആര്.ബിജു, എസ്.ആര്യ ദേവന്, കെ.ജോജി, എൽ. ബിനു കുമാരി, വൈ.സതീഷ് തുടങ്ങി നിരവധി പേര് സംസാരിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുന്നത്തുകാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുഖ്യമന്ത്രി അവാര്‍ഡ് നല്കി.