ഓണത്തിന്റെ വരവ് അറിയിച്ച് വര്‍ണ പന്തുകള്‍
1587924
Saturday, August 30, 2025 7:07 AM IST
നേമം : ഓണമെന്ന് കേട്ടാല്‍ കുട്ടികള്‍ക്ക് ആഘോഷവും ഉത്സാഹവുമാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും കുട്ടികളെ ആകര്‍ഷിക്കാന്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പല നിറത്തിലുള്ള പന്തുകള്‍ കടകളില്‍ സ്ഥാനം പിടിച്ചു .
ഓണ വരവ് അറിയിച്ച് വിപണിയിലേയ്ക്ക് ആദ്യമെത്തുന്നവയാണ് ഈ വര്‍ണ പന്തുകള്‍. കര്ക്കിടകത്തിന് മുമ്പ് വര്‍ണ പന്തുകളുടെ ഉത്പാദനം തുടങ്ങും എന്നാല്‍ മാത്രമേ ഓണത്തിന് മുമ്പ് എല്ലാ കടകളിലും പന്ത് എത്തിക്കാനാകൂ. നഗരമെന്നോ നാട്ടിന്പുറമെന്നോ വ്യത്യാസമില്ലാതെ എല്ലാ കടക്കാരും ഓണത്തോടനുബന്ധിച്ച് ഈ പന്തുകള്‍ വില്പ്പനയ്ക്കെടുക്കും.
ഓണത്തിന് മാത്രമേ ഇത്തരം പന്തുകള്‍ കടകളില്‍ വ്യാപകമാകാറുള്ളൂ. തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന സംഘങ്ങളാണ് ഈ പന്ത് നിര്‍മ്മിക്കുന്നത്. റബ്ബര്‍പാലില്‍ കളറുകള്‍ ചേര്‍ത്ത് മോള്‍ഡില്‍ ഒഴിച്ച് ഗ്യാസ് നിറച്ചാണ് പന്തുകള്‍ നിര്‍മ്മിക്കുന്നത്. പല വലിപ്പത്തിലുള്ള പന്തുകള്‍ മറ്റ് കളറുകള്‍ക്ക് പുറമെ സ്വര്‍ണം, വെള്ളി നിറത്തിലും ലഭിക്കുന്നത് പ്രത്യേകതയാണ്.
തമിഴ്നാട്ടില്‍ എല്ലാ സമയത്തും ഈ വര്‍ണ പന്തുകള്‍ ലഭിക്കും. കേരളത്തില്‍ ഓണത്തിന് മാത്രമേ ഇത്തരം പന്തുകള്‍ കൂടുതലായി വില്‍പ്പന നടത്താനാകൂ. അതു കൊണ്ട് ഓണ സീസണമാവുമ്പോള് മൊത്ത കച്ചവടക്കാര്‍ തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളെ വരുത്തി പന്തുകള്‍ നിര്‍മിക്കും.
ദിവസവും നിര്‍മുക്കുന്ന പന്തുകളുടെ എണ്ണം നോക്കിയാണ് ഇവര്‍ക്ക് കൂലി ലഭിക്കുന്നത്. പന്ത് നിര്‍മിച്ച് കഴിഞ്ഞാല്‍ അവ എണ്ണി വലിയ വലയ്ക്കകത്താക്കിയാണ് കടകളിലെത്തിക്കുന്നത്. സീസണ് ആകുമ്പോള്‍ വര്‍ണ പന്തുകള്‍ വാഹനങ്ങളുടെ മുകളില്‍ വച്ച് വില്‍പ്പനയ്ക്ക് കൊണ്ടു പോകുന്നതും കൗതുക കാഴ്ചയാണ്.