ജില്ലയിൽ ഏറ്റവുമധികം പൂക്കൃഷി ഇത്തവണയും കാട്ടാക്കടയിൽ
1587920
Saturday, August 30, 2025 7:07 AM IST
കാട്ടാക്കട: തിരുവനന്തപുരം ജില്ലയിൽ ഏറ്റവുമധികം പൂക്കൃഷിയുള്ള നിയോജകമണ്ഡലം എന്ന റെക്കാർഡ് ഇക്കുറിയും കാട്ടാക്കടയ്ക്ക്.'നമ്മുടെ ഓണം നമ്മുടെ പൂക്കൾ' പദ്ധതിയിൽ കഴിഞ്ഞ നാലുവർഷത്തെ അപേക്ഷിച്ച് ഇക്കുറി കാട്ടാക്കടയിലെ ആറ് പഞ്ചായത്തുകളിലായി 104 ഏക്കറിലാണ് പൂക്കൃഷിയും പച്ചക്കറി കൃഷിയും നടത്തിയത്. പള്ളിച്ചൽ കൊറണ്ടിവിളയിൽ മാത്രം എട്ട് ഏക്കർ വിസ്തൃതിയിലാണ് പൂക്കൃഷി.
കൊറണ്ടിവിള,നരുവാമൂട്,വെള്ളാപ്പള്ളി,മുക്കംപാലമൂട്,കാട്ടാക്കട പഞ്ചായത്തിലെ കൊറ്റംപള്ളി,കൊല്ലോട്,കട്ടയ്ക്കോട്,കുളത്തുമ്മൽ, മാറനല്ലൂർ പഞ്ചായത്തിലെ ക്രൈസ്റ്റ് നഗർ,മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം,വിളപ്പിൽ പഞ്ചായത്തിലെ പടവൻകോട്,വിളപ്പിൽശാല, വിളവൂർക്കൽ പഞ്ചായത്തിലെ ശാന്തമൂല,പൊറ്റയിൽ എന്നിവിടങ്ങളിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. ഒരേക്കറിൽ നിന്ന് 120 കിലോ വരെ വിളവെടുത്തു.
ജലക്ഷാമം നേരിട്ടിരുന്ന കാട്ടാക്കടയിൽ ഐ.ബി.സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഭൂഗർഭ ജലനിരപ്പ് ഉയർത്തി. മരങ്ങൾ വച്ചുപിടിപ്പിച്ചും സ്വാഭാവിക നീർത്തടങ്ങൾ സംരക്ഷിക്കുകയും ചെയ്തതോടെ തരിശുകിടക്കുന്ന കാട്ടാക്കട മണ്ഡലത്തിലെ മിക്കയിടങ്ങളിലും കൃഷിയെത്തി.
ഓണത്തിന് മറുനാടൻ പൂക്കളെന്തിന്, നമുക്ക് പൂക്കളുണ്ടാക്കാമെന്നുള്ള ആശയം എംഎൽഎ നാലുവർഷം മുമ്പാണ് മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഇക്കുറിയും കാട്ടാക്കടക്കാർക്ക് സ്വന്തം പൂവ് കൊണ്ട് ഓണത്തെ വരവേൽക്കാം. ഇക്കൊല്ലത്തെ പൂകൃഷി വിളവെടുപ്പ് ഉത്സവം ഐ.ബി.സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.