നേമം സഹകരണ ബാങ്ക്: ഓണക്കാലത്ത് തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍
1587923
Saturday, August 30, 2025 7:07 AM IST
നേമം : നേമം സഹകരണ ബാങ്കില്‍ നിന്നും ഓണക്കാലത്ത് തുച്ഛമായ തുകയെങ്കിലും വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ വായ്പ കൊടുത്ത വകയില്‍ കുറെ പണം പിരിച്ചെടുക്കാനായിട്ടുണ്ട്. ഈ തുക പ്രത്യേക അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് പണം വരുന്നത് അനുസരിച്ച് ആദ്യം പണം കിട്ടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വിതരണം ചെയ്യാനാണ് തീരുമാനം.
നേമം ബാങ്കിലെ പെന്ഷന് വിതരണവും നിര്‍ത്തി സമീപത്തെ മറ്റൊരു സഹകരണ ബാങ്ക് വഴിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പെന്ഷന് നല്‍കുന്നതിലും നേമം ബാങ്ക് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. 5 ലക്ഷം രൂപ അടിയന്തരമായി വിതരണം ചെയ്യണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും ആവശ്യപ്പെട്ടു.
ക്രമക്കേടുമായി ബന്ധപ്പെട്ട സഹകരണ വകുപ്പിന്റെ 65 വകുപ്പ് പ്രകാരം അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെച്ച് അടുത്ത് ഭരണ സമിതി അംഗങ്ങളുടെ ബാധ്യതകള്‍ നിശ്ചയിച്ച് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്ന നടപടികളിലേയ്ക്ക് കടക്കും.
അന്വേഷണത്തില്‍ ഓരോ ഭരണ സമിതിയംഗങ്ങളില്‍ നിന്നും മുന്‍ സെക്രട്ടറിമാരില്‍ ഈടാക്കേണ്ട തുക അന്വേഷണ ഉദ്യോഗസ്ഥന് കണക്കാക്കിയിട്ടുണ്ട്. മുന്‍ സെക്രട്ടറിമാര്‍ നടത്തിയത് ഗുരുതമായ നിയമലംഘനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപ തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്ത് തിരുവോണത്തിന് നിരാഹാര സമരം നടത്തും.