നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം : ഡോക്ടർക്കെതിരെ മൊഴി നൽകി യുവതി
1587913
Saturday, August 30, 2025 6:53 AM IST
കാട്ടാക്കട: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി നൽകി യുവതി. കാട്ടാക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്.
മെഡിക്കൽ കോളജ് പോലീസിനാണ് യുവതി മൊഴി നൽകിയത്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രശ്നം ആരോഗ്യവകുപ്പ് നിസാരമായി കാണുന്നുവെന്നും സുമയ്യയുടെ സഹോദരീ ഭർത്താവ് സബീർ പറഞ്ഞു.
ഡോ. രാജീവ് കുമാറിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകിയിരുന്നുവെന്നും സബീർ പറഞ്ഞു. ആരോഗ്യവകുപ്പിൽ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും സബീർ വെളിപ്പെടുത്തി.2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങികിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.
ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതി വേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.