ഉദ്ഘാടനം കഴിഞ്ഞിട്ടും വഴിയിടം അടഞ്ഞു തന്നെ...
1587926
Saturday, August 30, 2025 7:07 AM IST
പേരൂര്‍ക്കട: മേയര്‍ ആര്യ രാജേന്ദ്രന് 2024 നവംബര്‍ 30ന് ഉദ്ഘാടനം ചെയ്ത വഴിയിടം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒമ്പതുമാസം. കുടപ്പനക്കുന്ന് സിവില്സ്റ്റേഷന് കോമ്പൗണ്ടില്‍ കളക്ടറേറ്റിന് എതിര്‍വശത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച വഴിയിടത്തിൽ കഫറ്റേറിയ, അടുക്കള, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമുള്ള ടോയ്ലെറ്റുകള്, വിശ്രമസ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, നാപ്കിന് വെന്‍ഡിംഗ് സൗകര്യം എന്നിവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞശേഷം അടച്ചിട്ട കേന്ദ്രത്തിന്റെ പിറകുവശത്തെ ജനാലകളിലും കോമ്പൗണ്ടിലെ ഗേറ്റും വരെ കാടുകയറിയ നിലയിലാണ്.
വഴിയിടത്തിന് പൊതുവായി ഒരു ചുറ്റുമതില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ മദ്യക്കുപ്പികളും ചപ്പുചവറുകളും കൂടിക്കിടക്കുന്നതും കാണാനാകും. രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ഇടത്താവളമായി ഇവിടം മാറിയിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അമ്മമാര്‍ക്കും ഏറെ പ്രയോജനം ചെയ്യേണ്ടതായ വഴിയിടമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. അതേസമയം റവന്യുവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് വഴിയിടം അടഞ്ഞുകിടക്കാന്‍ കാരണമെന്നതാണു സൂചന.
ലേല നടപടികളിലേക്കു അധികൃതര്‍ കടന്നിട്ടുണ്ടെങ്കിലും ഏറ്റെടുക്കാന്‍ ആളെത്തിയിട്ടില്ലാത്തതാണ് വഴിയിടം അടഞ്ഞുകിടക്കാന്‍ കാരണമെന്നാണു തിരുവനന്തപുരം നഗരസഭയുടെ കുടപ്പനക്കുന്ന് സോണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്.