ബസ് പെട്ടെന്നു മുന്നോട്ടെടുത്തെന്ന്; കെഎസ്ആര്‍ടിസി ബസില്‍ വാക്കേറ്റം
1574024
Tuesday, July 8, 2025 6:28 AM IST
പേരൂര്‍ക്കട: കയറിയ ഉടന്‍തന്നെ ബസ് പെട്ടെന്നു മുന്നോട്ടെടുത്തെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വാക്കേറ്റം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ വഴയില ജംഗ്ഷനിലായിരുന്നു സംഭവം. ഇവിടെനിന്ന് ഒരു അമ്മയും മകളും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ കയറിയിരുന്നു. ബസ് പെട്ടെന്നു മുന്നോട്ടെടുത്തെന്നാരോപിച്ച് ഇരുവരും കണ്ടക്ടറുമായി വാക്കേറ്റം തുടങ്ങി. ഇതിനിടെ സംഭവം നേരിട്ടുകണ്ട ബസിലെ യാത്രക്കാര്‍ കണ്ടക്ടറുടെ പക്ഷം പിടിച്ചു.
ഇതിനിടെ കണ്ടക്ടറെ സപ്പോര്‍ട്ട് ചെയ്ത ഒരു യുവാവുമായി സ്ത്രീകള്‍ വാക്കുതര്‍ക്കം തുടങ്ങിയതോടെ അയാള്‍ ഉടന്‍തന്നെ ബസില്‍നിന്ന് പുറത്തേക്കിറങ്ങി. ഇതിനിടെ ബസ് പേരൂര്‍ക്കടയിലെത്തിയപ്പോള്‍ സ്ത്രീകള്‍ ഇറങ്ങുകയും പേരൂര്‍ക്കട സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. കണ്ടക്ടറെ അറസ്റ്റുചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
പരാതിയിന്മേല് വിശദമായ അന്വേഷണത്തിനു മുന്നോടിയായി ഇരുകൂട്ടരെയും ചൊവ്വാഴ്ച സ്റ്റേഷനിലേക്കു വിളിപ്പിച്ചിരിക്കുകയാണ്. കണ്ടക്ടറുടെ ഭാഗത്തു തെറ്റുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പേരൂര്‍ക്കട സിഐ അറിയിച്ചു.