പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു; പോലീസുമായി ഉന്തും തള്ളും
1574029
Tuesday, July 8, 2025 6:28 AM IST
നെയ്യാറ്റിന്‍കര: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലേക്കു നടത്തിയ ബഹുജന മാർച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.
സാധാരണക്കാരന്റെ ആശ്രയമായ നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ജീവനു ഭീഷണിയായി നില്ക്കുന്ന, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കം ചെയ്യുക, ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക, ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ വനിതകള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ തള്ളി മറിച്ചിട്ടു. ബാരിക്കേഡിനു മുകളിലൂടെ ആശുപത്രി കവാടത്തിനപ്പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു. കവാടം ബന്ധിച്ച പോലീസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചു. ഇതോടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടന്നു.
തുടർന്നു പ്രവര്‍ത്തകര്‍ കവാടത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നു പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനെത്തി. നിലത്ത് കിടന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരും ചുറ്റും നിലയുറപ്പിച്ച പ്രവര്‍ത്തകരും ചേര്‍ന്ന് പോലീസിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടയാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ബിജെപി മേഖലാ പ്രസിഡന്റ് സോമൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു അധ്യക്ഷനായി. നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ്, സ്റ്റെഫിൻ സ്റ്റീഫൻ, ചൂണ്ടിക്കൽ ഹരി, മാണിനാട് സജി, അനന്തു നന്ദനം, നന്ദു, വിനീത, വാഴവിള വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.