കുട്ടികൾ ഡ്രൈവർമാരായി : രക്ഷിതാക്കൾക്ക് കാൽ ലക്ഷത്തിലേറെ പിഴ ചുമത്തി
1591273
Saturday, September 13, 2025 5:16 AM IST
നാദാപുരം: ലൈസൻസില്ലാതെ ഇരുചക്ര വാഹനങ്ങളുമായി റോഡിലിറങ്ങിയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കോടതി വൻ പിഴ വിധിച്ചു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അമൃത അരവിന്ദ് ശിക്ഷ വിധിച്ചത്. അഞ്ച് കേസുകളിലായി ഓരോ രക്ഷിതാക്കൾക്കും 25,500 രൂപയാണ് പിഴ ചുമത്തിയത്.
നാദാപുരം സ്റ്റേഷൻ പരിധിയിൽ 2025 മാർച്ച് 20നു പുളിക്കൂൽ റോഡിലും, ഏപ്രിൽ ഒന്പതിനു കസ്തുരിക്കുളത്തും മേയ് 18നു തെരുവൻപറമ്പിലും ജൂൺ എട്ടിനു കുമ്മങ്കോടും ജൂൺ 16നു കല്ലാച്ചി പൈപ്പ് ലൈൻ റോഡിലുമാണ് കുട്ടി ഡ്രൈവർമാരെ എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തത്. 16, 17 വയസ് പ്രായമുള്ളവരായിരുന്നു ഡ്രൈവർമാർ.
കസ്റ്റഡിയിലെടുത്ത ഇരു ചക്ര വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തുകയും കുട്ടികൾക്ക് വാഹനം നൽകിവർക്ക് എതിരേ കേസെടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഇത്തരം ഒട്ടേറെ കേസുകൾ ഇനിയും വിചാരണയ്ക്ക് എടുക്കാൻ ബാക്കിയുണ്ട്.
ലൈസൻസില്ലാത്ത കുട്ടികൾ ഹെൽമെറ്റ് പോലുമില്ലാതെ വണ്ടികളുമായി ഇറങ്ങി അപകടങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് കുട്ടി ഡ്രൈവർമാരെ കണ്ടെത്തി കേസെടുത്തു തുടങ്ങിയത്.