പമ്പ് സെറ്റ് നന്നാക്കാൻ നടപടിയില്ല;പമ്പ് ഹൗസിന് മുന്നിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു
1591284
Saturday, September 13, 2025 5:20 AM IST
മണിക്കൂറുകൾക്കുള്ളിൽ പരിഹാരം
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കോട്ടമുഴി പമ്പ് ഹൗസിലെ രണ്ടാഴ്ച മുമ്പ് തകരാറിലായ പമ്പ് സെറ്റ് നന്നാക്കാൻ നടപടി ആശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്.
പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലങ്കിൽ വലിയ രീതിയിലുള്ള മറ്റ് സമരമുറകളിലേക്ക് കടക്കുമെന്നും ജനപ്രതിനിധികൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് തകരാറിലായ മറ്റൊരു പമ്പ് സെറ്റ് നന്നാക്കി വെച്ചിരുന്നെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ലെന്ന് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
സമരത്തിന് പിന്തുണയുമായി യുഡിഎഫ്, വെൽഫെയർ പാർട്ടി നേതാക്കളും എത്തിയിരുന്നു. തുടർന്ന് കൊടുവള്ളി ജല അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പി.പി യാസറിന് മുന്നിലും ജനപ്രതിനിധികൾ പ്രതിഷേധവുമായെത്തി. പ്രശ്നത്തിന് പരിഹാരം കാണാതെ തിരിച്ച് പോവില്ലെന്ന് നിലപാടെടുത്തതോടെ ശനിയാഴ്ചക്കകം പ്രശ്നത്തിന് പരിഹാരം കാണുമെന്നും വെള്ളം പമ്പിംഗ് തുടങ്ങുമെന്നും ഉറപ്പ് നൽകി.
കോട്ടമുഴി പമ്പ് ഹൗസിന് മുന്നിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ, യു.പി. മമ്മദ്, എം.ടി. റിയാസ്, കെ.ജി. സീനത്ത്, ഫാത്തിമ നാസർ, യുഡിഎഫ് നേതാക്കളായ കെ.ടി. മൻസൂർ, മജീദ് പുതുക്കുടി, കെ.പി. അബ്ദു റഹിമാൻ, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.