സഹജീവി സ്നേഹത്തിന് കുഞ്ഞുമക്കളുടെ ഹൃദയത്തിൽ തൊട്ട വാക്കുകൾ
1591276
Saturday, September 13, 2025 5:16 AM IST
മുക്കം: ഷോക്കേറ്റ് വീണ പൊന്മാന്റെ ജീവന് പോലും പൊന്നും വിലയുണ്ടെന്നറിഞ്ഞ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സിപിആർ നൽകി രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് അഭിനന്ദനമറിയിച്ചു സ്കൂൾ കുട്ടികൾ തയാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനായ എൻ. ജയ്കിഷിന് തൊണ്ടിമ്മൽ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസിലെ കുരുന്നുകൾ അഭിനന്ദനമറിയിച്ചു തയാറാക്കിയ വീഡിയോ ആണ് എല്ലാവരുടെയും മനം കവരുന്നത്. നാലാം ക്ലാസിലെ മലയാള പുസ്തകത്തിലെ സഹജീവി സ്നേഹത്തെനപ്പറ്റി പഠിപ്പിക്കുന്നതിനിടെ അധ്യാപികയായ സ്മിന മൊബൈലിൽ കാണിച്ചു നൽകിയ വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഈ അഭിനന്ദനമറിയിക്കുന്നതെന്നു കുട്ടികൾ വീഡിയോയിലൂടെ പറയുന്നുണ്ട്.
പരസ്പരം കൊല ചെയ്യപ്പെടുന്ന യുദ്ധങ്ങളുള്ള ഈ കാലഘട്ടത്തിലാണ് നിസാരമെന്ന് തോന്നുന്ന ഒരു പൊന്മാന്റെ ജീവന് പോലും പ്രാധാന്യം കല്പിച്ച് രക്ഷപ്പെടുത്തുന്നത്.
ഇത് കുട്ടികളായ ഞങ്ങളുടെ മനസിനെ വല്ലാതെ ആകർഷിച്ചു എന്നും ആ രക്ഷാ പ്രവർത്തനത്തിന് അഭിനന്ദനമറിയിക്കുന്നു എന്നുമാണ് നിഷ്കളങ്കരായ കുരുന്നുകൾ വീഡിയോയിൽ വ്യക്തമാക്കുന്നത്. മാത്രമല്ല സമയം കിട്ടുമ്പോൾ സ്കൂളിലെത്തി അവരെ കാണണമെന്ന ആവശ്യം കൂടി അറിയിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.