നാളികേരത്തിന് വില കുതിച്ചുയരുന്പോൾ വനാതിർത്തിയിലെ കർഷകർ പ്രതിസന്ധിയിൽ
1567763
Monday, June 16, 2025 6:02 AM IST
സുൽത്താൻ ബത്തേരി: തേങ്ങയുടെ വില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്പോൾ വനാതിർത്തിയിലെ ഗ്രാമങ്ങളിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ തേങ്ങയ്ക്ക് മാർക്കറ്റിൽ 85 മുതൽ 90 രൂപ വരെയാണ് വില. വെളിച്ചെണ്ണയുടെ വില 350 രൂപയ്ക്ക് മുകളിൽ ആയി. എന്നാൽ ഇവ രണ്ടും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് കേര കർഷകർ. തെങ്ങും തേങ്ങയും വന്യജീവികൾ നശിപ്പിക്കുന്നതാണ് ഈ ദുർഗതിക്ക് കാരണം.
തെങ്ങുകളിൽ പൂവിടുന്പോൾതന്നെ മണ്ഡരി രോഗവും മലയണ്ണാൻ, കാട്ടാന അടക്കമുള്ള വന്യജീവികളുടെ ശല്യം മൂലവും വൻതോതിൽ തെങ്ങുകൾ നശിക്കുകയാണ്. ബത്തേരി താലൂക്കിലെ എല്ലാ പഞ്ചായത്തുകളും മലയണ്ണാനും അടക്കമുള്ള വന്യജീവികളുടെശല്യം കാരണം കർഷകർ പ്രതിസന്ധിയിലാണ്.
മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കാട്ടാന വൻതോതിൽ തെങ്ങുകൾ നശിപ്പിക്കുന്നതായും ഈ പ്രദേശത്തെ കർഷകർ പറയുന്നു. തേങ്ങ വില സർവകാല റിക്കോർഡ് മറികടക്കുന്പോഴും വേണ്ടത്ര വരുമാനം ലഭിക്കാതെ പ്രതിസന്ധിയിലാണ് കേര കർഷകർ.