ആദിവാസിയുടെ മരണം: വാഹനം ആറുമാസമായിട്ടും കണ്ടെത്താനായില്ല
1567765
Monday, June 16, 2025 6:02 AM IST
മാനന്തവാടി: ഭാര്യയ്ക്കൊപ്പം നടന്നുപോകുന്നതിനിടെ ആദിവാസിയെ ഇടിച്ച വാഹനം ആറുമാസമായിട്ടും പോലീസിനു കണ്ടെത്താനായില്ല. ഒഴക്കോട് പുതിയകണ്ടി ഉന്നതിയിലെ സുമേഷിന്റെ(43)മരണത്തിനു കാരണമായ അപകടത്തിൽ ഉൾപ്പെട്ട വാഹനമാണ് കണ്ടെത്താൻ കഴിയാത്തത്. ജനുവരി ഏഴിന് കാട്ടിക്കുളം ബേഗൂരിലാണ് സുമേഷ് കൊല്ലപ്പെട്ടത്. ബേഗൂരിലാണ് സുമേഷിന്റെ ഭാര്യവീട്.
തോൽപ്പെട്ടി ഭാഗത്തേക്കുപോയ വാഹനമാണ് സുമേഷിനെ ഇടിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാത്ത സ്ഥിതിയാണ് ഇപ്പോൾ. വാഹനം കണ്ടെത്തുന്നതിന് പ്രമുഖ പട്ടികവർഗ സംഘടനകൾ പോലീസിൽ സമ്മർദം ചെലുത്തുന്നില്ല. രണ്ട് മക്കളും അടങ്ങുന്ന സുമേഷിന്റെ കുടുംബം ദുരിതത്തിലാണ്.