നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു പദ്ധതി തുടങ്ങി
1567766
Monday, June 16, 2025 6:02 AM IST
നടവയൽ: മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു പദ്ധതി സെന്റ് തോമസ് ഹൈസ്കൂളിൽ തുടങ്ങി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആന്റോ വി. തോമസ് ഉദ്ഘാടനം ചെയ്തു. പദ്ധതി ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു.
മുഴുവൻ വിദ്യാർഥികളും എഴുത്തും വായനയും അഭ്യസിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതി സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് ആന്റോ വി. തോമസ് പറഞ്ഞു.
മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്, പിടിഎ പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ, ജിൻസി, ബ്ലോക്ക് മെംബർ അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, സിസ്റ്റർ ബിന്ദു എന്നിവർ പ്രസംഗിച്ചു.