കച്ചേരിക്കടവിൽ വീണ്ടും ആനയുടെ പരാക്രമം
1296939
Wednesday, May 24, 2023 12:52 AM IST
ഇരിട്ടി: കച്ചേരിക്കടവിൽ വീണ്ടും കാട്ടാന കൂട്ടത്തിന്റെ പരാക്രമം. കുലയ്ക്കാൻ പാകമായ 250 ൽ പരം വാഴകളാണ് ആനകൂട്ടം നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കർണാടക വനത്തിൽ നിന്ന് പുഴ കടന്നെത്തിയ ആനക്കൂട്ടമാണ് ഒറ്റപ്ലാക്കൽ ബേബിയുടെ സ്ഥലം വർഷങ്ങളായി പാട്ടത്തിന് എടുത്ത് കൃഷി ചെയ്തു വരുന്ന പാറക്കൽ സെയ്താലിയുടെ 250ൽ അധികം വരുന്ന വാഴകൾ പൂർണമായും നശിപ്പിച്ചത്.
വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ താനും ഭാര്യയും എന്നും കാവൽ ഇരിക്കാറുണ്ടെന്നും പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകളെ ഓടിക്കാറാണ് പതിവെന്നും സെയ്താലി പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് കൃഷി സ്ഥലത്തെത്തിയത്. അപ്പോഴേക്കും ആറോളം വരുന്ന ചെറുതും വലുതുമായ അനക്കൂട്ടം വാഴകൾ നശിപ്പിച്ചശേഷം കൃഷിയിടത്തിൽത്തന്നെ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വാർഡ് മെംബർ ഐസക് ജോസഫ് അറിയിച്ചതിനേ തുടർന്ന് സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണശ്രീയും ഷിജിലും നാശനഷ്ടങ്ങൾ വിലയിരുത്തി.