ചക്ക തരാം.. ചക്കച്ചിക്കൻ തരാം..!
1296940
Wednesday, May 24, 2023 12:52 AM IST
കണ്ണൂർ: ചക്കകൊണ്ട് ഇത്ര വിഭവങ്ങളുണ്ടാക്കാമോ... കണ്ടു നിന്നവർക്കൊക്കെ അത്ഭുതം. ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച ചക്ക വിഭവങ്ങളുടെ മത്സരത്തിലാണ് ചക്കയിൽ രുചിയുടെ വൈവിധ്യങ്ങൾ ഒരുങ്ങിയത്. ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ തുടങ്ങി ചക്കയുടെ രൂപത്തിലുള്ള കേക്കുകൾ വരെ മത്സരത്തിനായി എത്തിയിരുന്നു. ഉണ്ടാക്കാൻ എളുപ്പമുള്ളതും എന്നാൽ രുചികരവും സ്വാദിഷ്ടവുമായ വിഭവങ്ങളായിരുന്നു പലരും തയാറാക്കിയത്.
ചക്കച്ചിക്കനും ചക്കച്ചില്ലിയും ചക്ക കൂന്തലുമെല്ലാം മത്സരത്തിലെ താരങ്ങളായി. ചക്കയും ചക്കക്കുരുവും നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഉപ്പും മഞ്ഞളും മുളകു പൊടിയും ചേർത്ത് വേവിച്ചെടുത്ത കൂന്തൽ ഉള്ളിയും തക്കാളിയും പച്ചമസാലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ചക്കയും ചക്കക്കുരുവും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്താൽ ചക്ക കൂന്തൽ തയാർ.
ചക്കയും കരിക്കും ചേർത്ത് തയാറാക്കിയ വിഭവമായ ചക്കകരിക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ഗ്രൂപ്പുകളിൽ നിന്നായി അറുപതോളം ചക്കയുടെ വ്യത്യസ്ത വിഭവങ്ങളാണ് മത്സരത്തിനായി എത്തിയത്. ചക്ക ഹൽവ, ചക്ക ചില്ലി എന്നിവ ഉണ്ടാക്കിയ രജനി സജിത്ത്, പ്രീഷ്മ സുരേഷ് എന്നിവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
കുടുംബശ്രീയുടെ ചക്കക്കുരു പൊടി ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളും മേളയിലുണ്ടായിരുന്നു. പഴുത്തതും പച്ചയുമായി ചക്കകളും വിൽപനയ്ക്കുണ്ടായിരുന്നു. മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ചക്കക്കൂട്ടം സംസ്ഥാന കോ-ഓർഡിനേറ്റർ അനിൽ ജോസ് അധ്യക്ഷത വഹിച്ചു. പി.എ ഡൊമിനിക്, ഇ.കെ.സോമശേഖരൻ, ഷീബ സനീഷ് എന്നിവർ പങ്കെടുത്തു.