ട്രെയിനില്‍ അതിക്രമം; തൃശൂര്‍ സ്വദേശി കാഞ്ഞങ്ങാട്ട് പിടിയില്‍
1297222
Thursday, May 25, 2023 12:58 AM IST
കാഞ്ഞങ്ങാട്: ട്രെയിനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെ കൈയേറ്റം നടത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിലായി. കാഞ്ഞാണി കാരമുക്കിലെ സനീഷി(45)നെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ-മംഗളൂരു എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് അതിക്രമത്തിനിരയായത്. ട്രെയിന്‍ കണ്ണൂര്‍ വിട്ടതിനുശേഷം ഇയാള്‍ പലവട്ടം വിദ്യാര്‍ഥിനിയെ മനഃപൂര്‍വം സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. പ്രതിരോധിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിക്കൊപ്പം മറ്റു യാത്രക്കാരും കൂടുന്നതായി കണ്ടപ്പോള്‍ ഇയാള്‍ നീലേശ്വരത്തുവച്ച് ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിനകം വിദ്യാര്‍ഥിനി ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വിദ്യാര്‍ഥിനി റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടർന്ന് ഫോട്ടോയും ലഭ്യമായ വിവരങ്ങളും റെയില്‍വേ പോലീസ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാത്രി ഒമ്പതോടെ കാഞ്ഞങ്ങാട്ടെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇയാളെ അവിടെയുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.