കെട്ടിട നിർമാണ പെർമിറ്റും ഫീസും കുറയ്ക്കണം; ഏരുവേശി ഗ്രാമപഞ്ചായത്ത്
1298028
Sunday, May 28, 2023 7:08 AM IST
പയ്യാവൂർ: കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസും പെർമിറ്റ് അപേക്ഷ ഫീസും കുത്തനെ വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിച്ച് ന്യായ നിരക്കുകൾ പുനസ്ഥാപിക്കണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് അഭ്യർഥിച്ചു.
നിലവിൽ ഉണ്ടായിരുന്ന പെർമിറ്റ് ഫീസുകൾ ഭീമമായി വർധിപ്പിച്ചത് കടുത്ത അനീതിയും സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും ആണ്. അതോടൊപ്പംകൂടാതെ കെട്ടിട നികുതി നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നത് അല്ലാത്തതിനാൽ അന്യായ നിരക്ക് വർധന അടിയന്തരമായി പിൻവലിക്കണം.
ജനം വളരെയേറെ കഷ്ടപ്പെടുന്ന ഇക്കാലത്ത് ന്യായ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുവാൻ ഉത്തരവ് ഉണ്ടാകണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.