അങ്കണവാടികൾ തുറന്നു
1298927
Wednesday, May 31, 2023 7:37 AM IST
കണ്ണൂർ: കുഞ്ഞിക്കണ്ണുകളിൽ ആദ്യം കൗതുകം, പിന്നെ കരച്ചിൽ...ചിലരുടെ നോട്ടം പോയത് ചുറ്റും അലങ്കരിച്ച ബലൂണുകളിലേക്ക്... മറ്റ് ചിലരുടേതാവാട്ടെ അങ്കണവാടി മുറ്റത്തായി സ്ഥാപിച്ച കളി ഉപകരണങ്ങളിലാണ്... ആദ്യമായി അങ്കണവാടിയിലെത്തിയതിന്റെ പരിഭ്രമമായിരുന്നു പലമുഖങ്ങളിലും..എന്നാൽ,പതിവ് കരച്ചിലും അമ്മയെ കാണണമെന്ന വാശിയൊന്നും കാര്യമായുണ്ടായിരുന്നില്ലെന്ന് അങ്കണവാടി ടീച്ചർമാർ പറഞ്ഞു.
പതിവ് രീതികളെ മാറ്റിനിർത്തി ആരോഗ്യപ്രദമായ സാധനങ്ങൾ നൽകിയാണ് ഇത്തവണ അങ്കണവാടികളിലേക്ക് കുട്ടികളെ വരവേറ്റത്.
തണ്ണിമത്തൻ, ചെമ്പരത്തി ജ്യൂസ്, റാഗി, തിന എന്നിവ കൊണ്ടുള്ള ലഡു, ചക്കപ്പഴം, മാങ്ങ എന്നിവയാണ് പല സ്ഥലങ്ങളിലും നൽകിയത്. കൃത്രിമ പാനിയങ്ങളും ആഹാര വസ്തുക്കളും കുട്ടികൾക്ക് നൽകാൻ പാടില്ലെന്ന നിർദേശം ഉണ്ടായിരുന്നു. ഇത്തവണ അങ്കണവാടികളിൽ കുട്ടികൾക്കായി സെൽഫി പോയന്റും ഒരുക്കിയിരുന്നു. "മൈ ഫസ്റ്റ് ഡേ' എന്ന പേരിലാണ് ഫോട്ടോ ഫ്രെയിം തയാറാക്കിയത്. പല അങ്കണവാടിയിലും സെൽഫി ഫോട്ടോ മത്സരവും സംഘടിപ്പിച്ചു.