ചെറുതാഴത്ത് യുഡിഎഫിന് അട്ടിമറി ജയം; പള്ളിപ്രത്ത് ഭൂരിപക്ഷം കൂടി
1299159
Thursday, June 1, 2023 1:00 AM IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ചെറുതാഴം പഞ്ചായത്തിൽ അട്ടിമറി വിജയം. നിലവിൽ 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷമില്ലായിരുന്നു. ചെറുതാഴം പഞ്ചായത്തിലെ 16ാം വാർഡായ കക്കോണി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി യു. രാമചന്ദ്രനാണ് വിജയിച്ചത്. 80 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
കക്കോണി വാർഡിൽ ആകെയുള്ള 1282 വോട്ടർമാരിൽ 1098 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് സ്ഥാനാർഥിക്ക് 589 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന്റെ സിപിഎം സ്ഥാനാർഥി സി. കരുണാകരന് നേടാനായത് 509 വോട്ട് മാത്രമാണ്.
സിപിഎം അംഗമായ കെ. കൃഷ്ണന്റെ മരണത്തെ തുടർന്നാണ് കക്കോണി വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ഒരു വോട്ടിനായിരുന്നു ഇവിടെ സിപിഎം വിജയം. ഹൈക്കോടതി നിർദേശ പ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് കക്കോണിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂർ കോർപറേഷൻ പള്ളിപ്രം 14ാം ഡിവിഷനിൽ ഇത്തവണ റിക്കാർഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയം. മുസ്ലിംലീഗ് സ്ഥാനാർഥി കെ. ഉമൈബ 1015 വോട്ടിനാണ് ഇത്തവണ വിജയിച്ചത്.
എൽഡിഎഫിലെ ടി.വി. റുക്സാനയായിരുന്നു മുഖ്യ എതിരാളി. ശ്രദ്ധ രാഘവനായിരുന്നു ബിജെപി സ്ഥാനാർഥി.
കെ.ഉമൈബ 2006 വോട്ടും സ്വതന്ത്ര സ്ഥാനാർഥി ടി.വി.റുക്സാന 991 വോട്ടും ബിജെപി സ്ഥാനാർഥി അഡ്വ. ശ്രദ്ധ രാഘവൻ 171 വോട്ടും നേടി.