ഒരുമിച്ചു പിറന്ന മൂവർസംഘം ഇന്ന് സ്കൂളിലേക്ക്
1299161
Thursday, June 1, 2023 1:00 AM IST
മട്ടന്നൂർ: ഒരുമിച്ചു പിറന്ന മൂവർ സംഘം ഇന്നുമുതൽ സ്കൂളിലേക്ക്. മട്ടന്നൂരിനടുത്തെ മരുതായിലെ രജിതാലയത്തിൽ പി.പി. ഷിബു-പി.പി. രമ്യ ദമ്പതികളുടെ പെൺമക്കളായ ആർച്ച, അമേലിയ, അമിയ എന്നിവരാണ് ഇന്ന് ഒന്നാം ക്ലാസിലെത്തുന്നത്.
2017 ഏപ്രിൽ 23നു രാവിലെയാണ് മട്ടന്നൂരിലെ എച്ച്എൻസി ആശുപത്രിയിൽ രമ്യ മൂന്ന് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ഡോ. രേഖയുടെ ശുശ്രൂഷയിലായിരുന്നു പ്രസവം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്തകുട്ടി നേത്ര സഹോദരിമാരായ മൂന്നു പേർക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടായുണ്ട്.
മരുതായി എൽപി സ്കൂളിൽ എൽകെജിയിൽ ചേർന്നിരുന്നുവെങ്കിലും കോവിഡ് കാരണം പോകാനായിരുന്നില്ല. പിന്നീട് യുകെജിയിലാണ് പോയത്. പുതിയ അധ്യയന വർഷം വ്യാഴാഴ്ച ആരംഭിക്കുമ്പോൾ മരുതായി എൽപി സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർന്നത്. പുത്തൻ ഉടുപ്പും സ്കൂൾ ബാഗും കുടയും പുസ്തകങ്ങളെല്ലാമായി സ്കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലാണ് ഈ മൂവർ സംഘം. പാട്ടു പാടിയും പുത്തൻ ഉടുപ്പുകൾ ധരിച്ചും കുരുന്നുകൾ സന്തോഷം പങ്കിടുകയാണ്.