പുതിയ അധ്യയനം; കരുതലോടെ പോലീസ്
1299165
Thursday, June 1, 2023 1:00 AM IST
ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തിൽ കരുതലോടെ കണ്ണൂർ റൂറൽ ജില്ലാ പോലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് പുതിയ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കാനുള്ള നടപടി തുടങ്ങിയതായി റൂറൽ പോലീസ് പറഞ്ഞു. നിലവിൽ പ്രവർത്തിച്ചു വരുന്ന ഗ്രൂപ്പിനെ നവീകരിക്കുകയാണ് ഉദ്ദേശം.
സ്ഥാപനത്തിന്റെ തലവൻ അല്ലെങ്കിൽ പിടിഎ പ്രസിഡന്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥൻ, വാർഡംഗം അല്ലെങ്കിൽ കൗൺസിലർ, സ്കൂൾ ലീഡർ, മാതാപിതാക്കൾ, രണ്ട് അധ്യാപകർ, വ്യാപാരി, ഓട്ടോ ഡ്രൈവർ, ജാഗ്രതാ സമിതിയുടെയോ എസ്പിസിയുടെയോ പ്രതിനിധി, പ്രദേശത്തെ മറ്റു മാന്യ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.
എംവിഡിയുമായി ചേർന്ന് പോലീസ് സ്കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി. വിദ്യാർഥികളെ കൊണ്ടുവരുന്ന മറ്റ് വാഹനങ്ങളുടെ പരിശോധന ഉടൻ ആരംഭിക്കും. സ്കൂൾ ബസ് ഡ്രൈവർമാരുടെയും കുട്ടികളെ എത്തിക്കുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ തയാറാക്കി സ്റ്റേഷനിൽ സൂക്ഷിക്കും.
ലഹരിവസ്തു വിൽപനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കും. പിടിഎയുമായി ചേർന്ന് പോലീസ് സ്കൂൾ പരിസരം വൃത്തിയാക്കി വരുന്നു. കൂടുതൽ തിരക്കുള്ള സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ പോലീസിനേയും ഹോംഗാർഡിനേയും നിയോഗിക്കുമെന്നും റൂറൽ പോലീസ് അറിയിച്ചു.