ലോക പുകയില വിരുദ്ധ ദിനാചരണം
1299167
Thursday, June 1, 2023 1:00 AM IST
ചപ്പാരപ്പടവ്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒടുവള്ളിത്തട്ട് സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ റാലിയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
ഒടുവള്ളിത്തട്ട് സിഎച്ച്സിയിൽ നിന്നും ആരംഭിച്ച റാലി ഒടുവള്ളിത്തട്ട് ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വാർഡ് മെംബർ പി.പി. വിനീത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.വി. അനിത ബോധവൽക്കരണ സന്ദേശം നൽകി. ഡോ. കെ. സജീർ, ഡോ. പി.സി. അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ടി. ശിവദാസൻ, അജിത കുമാരി, സജി കൊന്നയ്ക്കൽ, ആർ. രഞ്ജിത് കുമാർ, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് തേജസ് ഒടുവള്ളി എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: മാതമംഗലം സി.പി. നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നിന്ന് ആരംഭിച്ച റാലി പിടിഎ പ്രസിഡന്റ് പി. മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു.
പുകയില ഉപയോഗിക്കുന്നതിന്റെ വിപത്തുകൾ വ്യക്തമാക്കുന്ന പ്ലക്കാർഡുകളുമായി മാതമംഗലം ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ റാലി സമാപിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രാധാകൃഷ്ണൻ, എരമം-കുറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് എൻഎസ്എസ് വോളണ്ടിയർമാർ ലഹരി വിരുദ്ധ സംഗീത ശില്പം അവതരിപ്പിക്കുകയും പുകയില പാൻ മസാല തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിപ്പിക്കുകയും ചെയ്തു.