സ്കൂൾ തുറന്നപ്പോൾ പണി കിട്ടിയത് മുഖ്യാധ്യാപകർക്ക്
1299625
Saturday, June 3, 2023 12:49 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: മധ്യവേനലവധികഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്കായി ഉച്ചഭക്ഷണം നൽകാൻ ഫണ്ടില്ലാതെ നട്ടം തിരിയുകയാണ് മുഖ്യാധ്യാപകർ. സ്കൂള്‍ ഉച്ചഭക്ഷണ പോഷകാഹാര വിതരണത്തിനുള്ള തുക കഴിഞ്ഞ ഓണത്തിന് ശേഷം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് പാഴായെന്ന് മാത്രമല്ല, ഉച്ചഭക്ഷണം നൽകാൻ ഫണ്ടില്ലാത്ത സ്ഥിതിയാണ്.
വിദ്യാലയങ്ങളിലെ അക്കാഡമിക് കാര്യങ്ങളും ഭരണപരവുമായ ചുമതലകളും നിർവഹിക്കുന്നതിനിടെ ഉച്ചഭക്ഷണ മേൽനോട്ടവും മുഖ്യാധ്യാപകരെ വലയ്ക്കുകയാണ്. സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് നിലവിൽ ഉച്ചഭക്ഷണം നൽകി വരുന്നത്.
ഉച്ചഭക്ഷണ പദ്ധതി കടുത്ത സാന്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. നിലവിൽ 2016 ലെ കുടിശികയാണ് സർക്കാർ നൽകുന്നത്. ഉച്ചഭക്ഷണ പദ്ധതി കുടുംബശ്രീയെയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് എഡ്യുക്കേഷന്‍ അധികാരികളെയും ഏൽപ്പിക്കണമെന്നാണ് മുഖ്യാധ്യാപകർ ആവശ്യപ്പെടുന്നത്.
തലവേദനയായി
പച്ചക്കറികൃഷി
സ്കൂളുകള്‍ സ്വന്തംഫണ്ട് കണ്ടെത്തി പച്ചക്കറികൃഷി നിര്‍ബന്ധമായി തുടങ്ങണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ഇത് ഉടൻ തുടങ്ങണമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചഭക്ഷണ സംവിധാനത്തിന്റെ മെനുവിന് ആവശ്യമായ രീതിയില്‍ കൃഷി ചെയ്യണമെന്നാണ് നിര്‍ദേശം.
ഇതില്‍ അധ്യാപകര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. എന്നാൽ, ഇത് മുഖ്യാധ്യാപകർക്ക് ഇരട്ടി പണിയാകും. അധ്യാപകരുടെ കൈയിൽ നിന്നും പണം പിരിച്ചുവേണം കൃഷി തുടങ്ങാൻ. എന്നാൽ, മിക്ക അധ്യാപകരും ഈ പച്ചക്കറി പദ്ധതിയോട് മുഖം തിരിച്ചതോടെ ഇതും മുഖ്യാധ്യാപകരുടെ ചുമതലയായി മാറി.
തുക കൂട്ടുമെന്ന ഉറപ്പ് പാഴ്വാക്കായി
150 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് എട്ടു രൂപയും 500 വരെയെങ്കില്‍ ഏഴു രൂപയും 500ല്‍ അധികമായാല്‍ ആറു രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. 24 രൂപയാണ് ആഴ്ചയില്‍ ഒരു കുട്ടിക്ക് ലഭിക്കുക. പാലും മുട്ടയും കൊടുക്കാന്‍ ആഴ്ചയില്‍ ഒരു കുട്ടിക്ക് 20 രൂപയാണ് ചെലവ്. ബാക്കിവരുന്ന നാല് രൂപകൊണ്ടാണ് ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മസാലപൊടികളും വെളിച്ചെണ്ണയും വാങ്ങുന്നത്. മിച്ചം വരുന്ന തുക കൊണ്ട് തന്നെ പാചകവാതക വില, വാഹനക്കൂലി, കയറ്റിറക്ക് കൂലി എന്നിവയും നല്‍കണം. നിലവില്‍ 300 കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ മാസത്തില്‍ 15,000 രൂപ മുഖ്യാധ്യാപകൻ കണ്ടെത്തണം. 2016ലാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടിജന്‍സി നിരക്ക് പ്രതിദിനം കുട്ടിയൊന്നിന് എട്ടു രൂപയായി നിശ്ചയിച്ചത്. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങിയവയുടെ വില ഇരട്ടിയായിട്ടും നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. 20 രൂപയായെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.