മാത്തിലില്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
1299639
Saturday, June 3, 2023 12:52 AM IST
പയ്യന്നൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മാത്തിലില്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. പയ്യന്നൂര്‍-ചെറുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറായ പൊന്നംവയല്‍ സ്വദേശി അഖിലേഷിനാണ് (26) മര്‍ദനമേറ്റത്. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍-ചെറുപുഴ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും.
മാത്തില്‍ പുതിയ റോഡിന്റെയും കുറുക്കുട്ടിയുടെയും ഇടയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായ അപകടമുണ്ടായത്. ചെറുപുഴ ഭാഗത്തേക്ക് പോകുന്ന ബസ് കുറുക്കുട്ടയിലെത്തിയപ്പോള് ബൈക്കുമായി കൂട്ടിടിക്കുകയും അപകടത്തില്‍ ബൈക്ക് യാത്രികനായ മാത്തില്‍ സ്വദേശി ജഗത്തി (23)ന് പരിക്കേല്‍ക്കുകയുമുണ്ടായി.പരിക്കേറ്റയാളെ ചികിത്സ ലഭ്യമാക്കാനായി കണ്ടക്ടര്‍ കൊണ്ടുപോയ സമയത്ത് ഒരുസംഘം ആളുകളെത്തി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.
മുഖത്ത് അടിക്കുകയും മുഖം ബസിന് ചേര്‍ത്ത് വലിച്ചതായും അഖിലേഷ് പറയുന്നു. പിന്നീട് അതുവഴി വന്ന ടിപ്പര്‍ ലോറിയില്‍ കയറി രക്ഷപ്പെട്ട അഖിലേഷ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പെരിങ്ങോം പോലീസ് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.
മുന്‍പും കുറുക്കുട്ടി പ്രദേശത്ത് നിന്ന് ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവമുണ്ടായിരുന്നതായി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് (സിഐടിയു) നേതാക്കള്‍ ആരോപിച്ചു. യൂണിയന്റെ നേതൃത്വത്തിലാണു സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്.