വനംമന്ത്രിയെ വഴിയിൽ തടയും: കത്തോലിക്ക കോൺഗ്രസ്
1299656
Saturday, June 3, 2023 12:57 AM IST
ശ്രീകണ്ഠപുരം: കേരളത്തിലെ വനങ്ങളിൽനിന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളെ കൊന്നൊടുക്കിയിട്ടും നോക്കുകുത്തിയായി നിൽക്കുന്ന വനം മന്ത്രിയെ വഴിയിൽ തടയാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുന്നറിയിപ്പ് നൽകി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള "കർഷക ആശ്വാസ കിരൺ' പദ്ധതിയുടെ ചെമ്പന്തൊട്ടി ഫൊറോനാ തല ഉദ്ഘാടനം ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിൽ വനം മന്ത്രി പരാജയപ്പെടുകയാണ്. കാട്ടിൽ പെറ്റുപെരുകുന്ന ആന, കുരങ്ങ്, പന്നി, മയിൽ, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ നാട്ടിലേക്കിറങ്ങി അരിക്കൊമ്പനെന്നും ചക്കക്കൊമ്പനെന്നും പേരു നൽകി ഓമനിച്ച് സർക്കാർ സംരക്ഷണം നൽകി ജനങ്ങൾക്ക് ഭീഷണിയാക്കി തീർത്തിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരും വനം മന്ത്രിയും രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജോർജ് വലിയമുറത്താങ്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതി വർക്കിംഗ് കമ്മിറ്റി അംഗം ബിനോയ് തോമസ് പദ്ധതി വിശദീകരിച്ചു. ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, സൈജോ ജോസഫ് വട്ടക്കാവുങ്കൽ, അനിൽ മണ്ണാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.