നാളികേര കർഷകരെ രക്ഷിക്കണം: കേരളാ കോൺഗ്രസ്
1300002
Sunday, June 4, 2023 7:48 AM IST
പയ്യാവൂർ: വിലത്തകർച്ചയും തെങ്ങുകളുടെ രോഗ കീടബാധകളും മൂലം നാളികേര കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് കേരളാ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ലക്ഷങ്ങൾ മുടക്കി കൃഷിയെക്കുറിച്ച് പഠിക്കാൻ പോകുന്ന മന്ത്രിയും പരിവാരങ്ങളും അവിടുത്തെ സർക്കാരുകൾ കൃഷിക്കാർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകുന്നതെന്നും അവിടുത്തെ കർഷകരുടെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയെ കുറിച്ചും കൂടി പഠിച്ചു വന്ന് ഇവിടെ നടപ്പിലാക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പച്ചതേങ്ങയ്ക്ക് 22 രൂപയാണ് വിപണിയിലെ വില, കൂലി കൊടുക്കാൻ പോലും നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. കാർഷിക മേഖലയിൽ ജനങ്ങളെ പിടിച്ചു നിർത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. എല്ലാ കൃഷിഭവനുകളിലും സംഭരണ കേന്ദ്രങ്ങൾ തുറന്ന് 45 രൂപക്ക് പച്ചതേങ്ങ സംഭരിച്ച് കൃഷിക്കാരെ രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്, ജോസഫ് മുള്ളൻമട, പ്രഫ. ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ജയിംസ് പന്ന്യാംമാക്കൽ, ജോസ് നരിമറ്റം, ടെൻസൺ ജോർജ് കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.