നാടിന്റെ വികസനത്തിൽ ജനങ്ങൾക്കും പൂർണ ഉത്തരവാദിത്വം: സ്പീക്കർ
1300004
Sunday, June 4, 2023 7:52 AM IST
ഇരിക്കൂർ: നാടിന്റെ വികസനം എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ എ.എൻ. ഷംസീർ. വികസ പദ്ധതികൾ ജനംകൂടി ഏറ്റെടുത്താൽ മാത്രമേ പൂർണതയിലെത്തുകയുള്ളൂവെന്നും സ്പീക്കർ പറഞ്ഞു.
ഇരിക്കൂർഫാറൂഖ് നഗറിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിപരമായ ബലഹീനതകൾ നേരിടുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം പോലെതന്നെ ക്രമാനുസൃതവും ശാസ്ത്രീയവുമായി രൂപപ്പെടുത്തേണ്ടതുണ്ട്. അതുവഴി മാത്രമേ ഇവരുടെ പരമാവധി വികസനം സാധ്യമാക്കാനും അവരെ സ്വാശ്രയത്ത്വത്തിലേയ്ക്ക് നയിക്കുന്നതിനും കഴിയുകയുള്ളൂ എന്നും സ്പീക്കർ പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത്, സെക്രട്ടറി എസ്.പി. പ്രേംനിർമൽ, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ കെ.ടി. നസീർ, ടി.പി. ഫാത്തിമ, എൻ.കെ.കെ. മുഫീദ, കെ.ടി. അനസ്, സി. രാജീവൻ, എം.പി. ശബ്നം എന്നിവർ പങ്കെടുത്തു