പെരിങ്ങോം ഫയർ സ്റ്റേഷന് കരുത്തായി പുതിയ ഫയർ എൻജിനെത്തി
1300010
Sunday, June 4, 2023 7:52 AM IST
ചെറുപുഴ: പെരിങ്ങോം ഫയർ സ്റ്റേഷന് കരുത്തായി അയ്യായിരം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഫയർ എൻജിനെത്തി. ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റ് പുതുതായി വാങ്ങിയ 12 ആധുനിക ഫയർ എൻജിനുകളിലൊന്നാണ് ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ചത്.
മലയോര മേഖലയിലെ ഒൻപത് പഞ്ചായത്തുകളിൽ പ്രവർത്തന പരിധിയുള്ള പെരിങ്ങോം ഫയർ സ്റ്റേഷൻ ഓരോ വർഷവും നൂറുകണക്കിന് ഫയർ കോളുകളാണ് അറ്റന്റ് ചെയ്യുന്നത്. നിലവിൽ ഒരു വലിയ ഫയർ എൻജിനും ഒരു മിനി ഫയർ എൻജിനുമാണുള്ളത്.
പലപ്പോഴും ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ഒരേസമയം തീപിടുത്തമുണ്ടാകുമ്പോൾ ജലസംഭരണ ശേഷിക്കുറവും ജലലഭ്യതക്കുറവും മൂലം മിനി ഫയർ എൻജിൻ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. പുതിയ ഫയർ എൻജിൻ എത്തിയതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
അശോക് ലയ്ലാൻഡ് കൗൾ ചേസിസിൽ ഗുരുഗ്രാമിലുള്ള സ്റ്റാൻഡേർഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ആധുനിക ഫയർ എൻജിൻ 5000 ലിറ്റർ ജലസംഭരണ ശേഷിയുള്ളതാണ്. പൂർണമായും ഓട്ടോമാറ്റിക് കൺട്രോൾ പാനൽ വഴി നിയന്ത്രിക്കാൻ സാധിക്കുന്ന ഈ വാഹനത്തിലെ പമ്പ് ഉപയോഗിച്ച് ഒരു മിനിറ്റിൽ ഏഴ് ബാർ പ്രഷറിൽ 3000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ സാധിക്കും. ഉയരം കൂടിയ കെട്ടിടങ്ങളിലും പാറ പ്രദേശങ്ങളിലും മറ്റും തീപിടിത്തമുണ്ടാകുമ്പോൾ വളരെ ദൂരത്ത് നിന്ന് തന്നെ ലക്ഷ്യസ്ഥാനത്ത് ജലം എത്തിക്കാൻ ഇതുകൊണ്ട് സാധിക്കും. കൂടാതെ ഹോസിന്റെ സഹായമില്ലാതെ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ഫിക്സഡ് മോനിട്ടർ സംവിധാനവും ഇതിലൊരുക്കിയിട്ടുണ്ട്.
ചെറിയ തീപിടിത്തമുണ്ടാകുമ്പോൾ വെള്ളത്തിന്റെ ഉപയോഗം കുറച്ച് തീ നിയന്ത്രണ വിധേയമാക്കുന്നതിനായി മിനിറ്റിൽ 35 ബാർ പ്രഷറിൽ 300 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന ഹോസ് റീൽ ഹോസ് സംവിധാനവും ഇതിലുണ്ട്. കൂടാതെ മലയോരത്തെ ഏതു ദുർഘടപാതയും കയറിപ്പോകാൻ കരുത്തുള്ള 200 ഹോഴ്സ് പവർ എൻജിനാണ് വാഹനത്തിലുള്ളത്. വാഹനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പെരിങ്ങോം ഫയർ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.